ടോയ്ലറ്റ് ബൗളിലൂടെ എത്തുന്ന മൂര്‍ഖനെ പേടിച്ച് ഒരു അപ്പാര്‍ട്ടുമെന്റ് കോംപ്ലക്സ്!
സൗത്ത് ആഫ്രിക്കയിലെ അപ്പാര്‍ട്ടുമെന്റുകളിലൊന്നില്‍ താമസിക്കുന്ന ഒരു കുടുംബം അടുത്തിടെ പ്രഭാതത്തില്‍ ശൗചാലയം ഉപയോഗിക്കാനെത്തിയപ്പോള്‍ കണ്ട കാഴ്ച അവരെ സ്തബ്ധരാക്കി കളഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലെ ഒരു കുടുംബത്തിന്റെ യൂറോപ്യന്‍ ക്ലോസറ്റിനുള്ളില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ കണ്ടത്.
ഞെട്ടിത്തരിച്ച കുടുംബാംഗങ്ങള്‍ അവിടത്തെ പേരുകേട്ട പാമ്പു പിടുത്തക്കാരനായ ബാരി ഗ്രീന്ഷീല്ഡിനെ വിവരം അറിയിച്ചു. ഉടനെ തന്നെ അയാള്‍ പ്രിട്ടോറിയയിലെ ഗ്ലെന്ലെറ്റ് കോര്‍ട്ടിലുള്ള ആ അപ്പാര്‍ട്ടുമെന്റിലെത്തി. പാമ്പിനെ പുറത്തെടുക്കുന്നത് റെക്കോര്‍ഡു ചെയ്യുവാനുള്ള കാര്യങ്ങളെല്ലാം സജ്ജീകരിച്ചിട്ട് അയാള്‍ മൂര്‍ഖനെ പുറത്തെടുക്കുവാന്‍ തുടങ്ങി.
8 അടിയോളം നീളമുള്ള ആ പാമ്പിനെ ദണ്ഡുപയോഗിച്ച് കോരിയെടുക്കാനായി അയാള്‍ പലവട്ടം ശ്രമിച്ചെങ്കിലും പാമ്പ് ക്ലോസറ്റിനുള്ളില്‍ നിന്നും വിട്ടുവന്നില്ല, അത് ക്ലോസറ്റ് പൈപ്പിനുള്ളില്‍ എവിെടയോ ചുറ്റിപ്പിടിച്ച് വലിച്ച് പുറത്തെടുക്കാനാവാത്ത വിധം ബലം പിടിച്ചിരുന്നു. പലതവണ അതിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും അതിന്റെ പിന്‍ഭാഗത്തെ പിടി വിടുവിക്കുവാന്‍ കഴിഞ്ഞില്ല. ഒടുവില്‍ കണ് ചിമ്മുന്നതിനിടയില്‍ അത് പാമ്പു പിടിത്തക്കാരനെ പറ്റിച്ച് ക്ലോസറ്റിനുള്ളിലേയ്ക്കു മുങ്ങി. പിന്നീട് ആ മുര്‍ഖനെ അവിടെ കണ്ടില്ല.
അതോടെ ആ അപ്പാര്‍ട്ടുമെന്റ് കോംപ്ലക്സിലുള്ളവരെല്ലാം പരിഭ്രമിച്ചിരിക്കുകയാണ്. പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ക്ലോസറ്റ് പൈപ്പുകള്‍ക്കുള്ളില്‍ എവിടെയോ അത് ഇപ്പോഴും ഉണ്ടാകാമെന്നും മറ്റേതെങ്കിലും അപ്പാര്‍ട്ടുമെന്റിലെ ടോയ്ലറ്റിനുള്ളിലേയ്ക്ക് അതിന് ഇഴഞ്ഞെത്താനാവുമെന്ന ഭയത്തിലാണ് ആ കോംപ്ലക്സില്‍ ഉള്ളവര്‍. ഇനി ആരെങ്കിലും ടോയ്ലറ്റ് ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് അത് തല നീട്ടുന്നതെങ്കിലോ എന്ന പേടിയില്‍ കഴിയുകയാണ് അവിടത്തുകാര്‍.
പ്രത്യേക തരത്തിലുള്ള ക്യാമറകള്‍ പൈപ്പിനുള്ളിലേയ്ക്കു കടത്തി അവിടെ ആ പാമ്പ് ഉണ്ടോ എന്നൊക്കെ പരിശോധിച്ചു നോക്കിയെങ്കിലും ഇതു വരെ കണ്ടെത്താനായിട്ടില്ല.
https://www.facebook.com/Malayalivartha