25,000 രൂപ വരെ വിലയുള്ള 'സിവെറ്റ് കോഫി' യുമായി ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭം
വിദേശ രാജ്യങ്ങളിലെ സാമ്പന്ന വര്‍ഗത്തില്‍പ്പെട്ടവര്‍ക്കിടയില്‍ ആരാധകരേറെയുള്ള സിവെറ്റ് കാപ്പിയുടെ വിപണിസാധ്യതകള്‍ തിരിച്ചറിഞ്ഞ് ഉത്പാദനം നടത്തി വിപണിയിലെത്തിക്കുന്നത് നെസ്കഫേയും ടാറ്റ കോഫിയും ഒന്നുമല്ല. കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് -കൂര്‍ഗ് കണ്‍സോളിഡേറ്റഡ് കമോഡിറ്റീസ് (സി.സി.സി.). കൂര്‍ഗിലെ ക്ലബ്ബ് മഹീന്ദ്ര മഡിക്കേരി റിസോര്‍ട്ടിലെ ഏക ഔട്ട്ലെറ്റിലൂടെയാണ് സി.സി.സി. 'എയ്ന്‍മെയ്ന്‍' എന്ന ബ്രാന്‍ഡില്‍ സിവെറ്റ് കോഫി വില്‍ക്കുന്നത്. യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലും കിലോഗ്രാമിന് 20,000 രൂപ മുതല്‍ 25,000 രൂപ വരെ വിലയുള്ള സിവെറ്റ് കോഫി ഇവിടെ 8,000 രൂപയ്ക്ക് ലഭിക്കും.
'സിവെറ്റ്' (ഒരുതരം മരപ്പട്ടി) എന്ന മൃഗത്തെക്കൊണ്ട് പഴുത്ത കാപ്പിക്കുരു കഴിപ്പിച്ച് അതിന്റെ വിസര്‍ജ്യത്തില്‍ നിന്ന്, ദഹിക്കാതെ കിടക്കുന്ന കാപ്പിക്കുരു വേര്‍തിരിച്ചെടുത്ത് സംസ്കരിച്ചാണ് ഈ കാപ്പിപ്പൊടി തയ്യാറാക്കുന്നത്. ചുവന്ന കാപ്പിക്കുരുവിന്റെ മാംസളമായ ഭാഗം മാത്രം കഴിക്കുന്ന സിവെറ്റിന്റെ വയറ്റിലെ എന്‍സൈമുകളുമായി ചേരുന്നതിനാല്‍ കാപ്പിക്കുരുവില്‍ പ്രത്യേക തരം ഫ്ളേവറുണ്ടാകുന്നു.
വിസര്‍ജ്യത്തിലൂടെ സിവെറ്റ് പുറന്തള്ളുന്ന ആ കാപ്പിക്കുരു പ്രത്യേക രീതിയില്‍ സംസ്കരിച്ചെടുക്കുന്നതിനാലാണ് സിവെറ്റ് കോഫിക്ക് വിപണിയില്‍ പൊന്‍വില നല്‍കേണ്ടിവരുന്നതും. ഇന്തോനേഷ്യയാണ് ആഗോളതലത്തില്‍ സിവെറ്റ് കാപ്പിയുടെ പ്രധാന ഉത്പാദകര്‍.
കൂര്‍ഗിലെ വനപ്രദേശങ്ങളോടു ചേര്‍ന്ന കാപ്പിത്തോട്ടങ്ങളില്‍ നിന്നാണ് സി.സി.സി. സിവെറ്റിന്റെ വിസര്‍ജ്യം ശേഖരിച്ച് കാപ്പിക്കുരു സംസ്കരിക്കുന്നത്. അതുകൊണ്ടാണ്, പ്രാദേശിക വിപണിയില്‍ വിലകുറച്ച് വില്‍ക്കാനാകുന്നതും. ഉയര്‍ന്ന സര്‍ട്ടിഫിക്കേഷന്‍ നിരക്കുകള്‍ കണക്കിലെടുത്ത്, തത്കാലം കയറ്റുമതി ചെയ്യാതെ 'കൂര്‍ഗ് ലുവാക് കോഫി' എന്ന പേരില്‍ പ്രാദേശികമായി വില്‍ക്കാനാണ് സംരംഭകരുടെ പദ്ധതി.
https://www.facebook.com/Malayalivartha