സർക്കാർ നഴ്സിങ് സ്കൂളുകളിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ്
സംസ്ഥാനത്തെ സർക്കാർ നഴ്സിങ് സ്കൂളുകളിൽ ഒക്ടോബറിലാരംഭിക്കുന്ന ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷഫോറവും വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.dhskerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 250 രൂപയാണ് അപേക്ഷഫീസ്. കൊല്ലം ആശ്രാമത്ത് പട്ടികജാതി/വർഗക്കാർക്കു മാത്രമായുള്ള നഴ്സിങ് സ്കൂളിലേക്കും പ്രവേശനത്തിന് ഇതുവഴിയാണ് അപേക്ഷിക്കേണ്ടത്.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂലൈ 20നകം അതത് ജില്ലയിലുള്ള നഴ്സിങ് സ്കൂളിൽ ലഭിച്ചിരിക്കണം. ജനറൽ നഴ്സിങ് പ്രവേശനത്തിന് അവരവരുടെ ജില്ലയിലെ സർക്കാർ നഴ്സിങ് സ്കൂളിലാണ് അപേക്ഷിക്കേണ്ടത്.
ആകെ 365 സീറ്റുകളുണ്ട്. ഇൗ സീറ്റുകൾ 14 ജില്ലാതല സർക്കാർ നഴ്സിങ് സ്കൂളുകൾക്കായി വീതിച്ചുനൽകിയിട്ടുണ്ട്. 20 ശതമാനം സീറ്റുകളിൽ ആൺകുട്ടികൾക്ക് പ്രവേശനം ലഭിക്കും.
മൂന്നുവർഷമാണ് ജനറൽ നഴ്സിങ് പരിശീലന കാലാവധി. അപേക്ഷകർക്ക് 2017 ഡിസംബർ 31ന് പ്രായം 17 വയസ്സ് തികഞ്ഞിരിക്കണം. 27 വയസ്സ് കവിയാനും പാടില്ല. പിന്നാക്ക സമുദായക്കാർക്ക് മൂന്നും പട്ടികജാതി/വർഗക്കാർക്ക് അഞ്ചും വയസ്സ് നിയമാനുസൃത ഇളവുണ്ട്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഒാപ്ഷനൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും പ്ലസ് ടു/തത്തുല്യ പരീക്ഷ 40 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. പട്ടികജാതി/വർഗക്കാർക്ക് മിനിമം പാസ്മാർക്ക് മതി. അംഗവൈകല്യമുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. ജില്ല മെഡിക്കൽ ഒാഫിസർ അധ്യക്ഷനായുള്ള സെലക്ഷൻ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
https://www.facebook.com/Malayalivartha