പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടും , തീരുമാനം ഇന്ന്
ഈ മാസം 31നു കാലാവധി അവസാനിക്കുന്ന പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടും. ഇന്നു ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. നാലര വര്‍ഷം പൂര്‍ത്തിയാകാത്ത പട്ടികകളുടെ കാലാവധിയാകും നീട്ടുക. ഏകദേശം 180 പട്ടികകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വിവിധ തസ്തികകളുടേതായി ഇരുനൂറോളം റാങ്ക് പട്ടികകളുടെ കാലാവധിയാണ് 31ന് അവസാനിക്കുന്നത്.
വളരെ കുറച്ചു നിയമനം മാത്രം നടന്നവയാണ് ഇവയില്‍ പലതും. വിവിധ വകുപ്പുകളിലുള്ള ഒഴിവുകള്‍ പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിനാലാണു നിയമനം നടക്കാതെപോയത്. കാലാവധി നീട്ടാന്‍ 31നു മുമ്പായി പി.എസ്.സിയുടെ തീരുമാനമുണ്ടായില്ലെങ്കില്‍ ഇവയെല്ലാം റദ്ദാകും.
ഇത്രയും പട്ടികകള്‍ കൂട്ടത്തോടെ ഇല്ലാതാകുന്നത് ആദ്യമായാണ്. കാലാവധി നീട്ടണമെന്ന് ഇടതുമുന്നണിയും ഇടതു യുവജന സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. യുഡി.എഫ്, ബി.ജെ.പി. എന്നിവയുടെ യുവജന സംഘടനകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലുമാണ്.
പട്ടികകളില്‍ ഉള്‍പ്പെട്ടവര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുമുള്ള നിലയ്ക്കാണ് കാലാവധി നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഈ മാസം കാലാവധി അവസാനിക്കുന്ന പട്ടികകളില്‍ നേരത്തേ നീട്ടിയവയുമുണ്ട്. ഇതുവരെ കാലാവധി നീട്ടിയിട്ടില്ലാത്ത പട്ടികകളുടെ കാലാവധി നീട്ടുക, അല്ലെങ്കില്‍ നാലര വര്‍ഷം പൂര്‍ത്തിയാകാത്ത എല്ലാ പട്ടികകളുടെയും കാലാവധി നീട്ടുക എന്നീ നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha