മൊഴിയെടുക്കല്‍ അഞ്ചാം മണിക്കൂറിലേയ്ക്ക്!
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലീസ് ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴിയെടുക്കുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് ഇരുവരുടെയും മൊഴിയെടുക്കുന്നത്. നാലു മണിക്കൂര്‍ പിന്നിട്ട് ഇരുവരുടെയും മൊഴിയെടുക്കല്‍ തുടരുന്നു. ദിലീപിന്റെ മൊഴിയെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നീണ്ട ചോദ്യാവലി തന്നെ തയ്യാറാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ആലുവ പൊലീസ് ക്ലബ്ബില്‍ എത്തുന്നതിന് മുമ്പ് ദിലീപ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയ്യാറായില്ല. ഒരു കാര്യം തുറന്നു പറയാം ആര്‍ക്കും വിഷമമൊന്നും തോന്നരുതെന്നും ചിലരുടെ മാധ്യമ വിചാരണയ്ക്ക് നിന്നുകൊടുക്കാന്‍ തനിക്ക് നേരമില്ലെന്നും പറയാനുള്ളത് പൊലീസിനോടും കോടതിയോടും പറയുമെന്നും തന്നെ പ്രതിയാക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ടെന്നും അതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും താനിപ്പോള്‍ പോകുന്നത് തന്റെ പരാതിയില്‍ മൊഴികൊടുക്കാനാണെന്നുമാണ് മൊഴി നല്‍കുന്നതിന് മുമ്പ് മാധ്യമങ്ങളെ കണ്ട ദിലീപ് വ്യക്തമാക്കിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായി സംസാരിക്കാമെന്നും ദയവു ചെയ്ത് കാര്യങ്ങള്‍ വളച്ചൊടിച്ചൊടിക്കരുതെന്നും മാധ്യമങ്ങളോടു ദിലീപ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക്മെയില്‍ ചെയ്ത സംഭവത്തില്‍ താന്‍ നല്കിയ പരാതിയിന്‍ മേലാണ് പൊലീസ് മൊഴിയെടുക്കുന്നതെന്നും ദിലീപ് വ്യക്തമാക്കി. അതേസമയം നടിയെ ആക്രമിച്ച സംഭവം ദിലീപിന് നേരത്തെ അറിയാമായിരുന്നെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നല്കിയ മൊഴിയെ തുടര്‍ന്നും ബ്ലാക്ക്മെയ്ലിംഗ് സംഭവത്തെ കുറിച്ചും മൊഴിയെടുക്കാനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കി.
ബ്ലാക്ക്മെയില്‍ സംഭവത്തില്‍ രണ്ടു മാസം മുമ്പ് ദിലീപ് പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെയും ദിലീപിന്റെ മൊഴി രേഖപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് ദിലീപ് തന്റെ അതൃപ്തിയും അറിയിച്ചിരുന്നു.
നേരത്തെ ദിലീപിനോട് മൊഴിനല്‍കാന്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലായിരുന്ന ദിലൂപ് ഇന്നലെ വൈകിട്ടോടെ തേനിയില്‍ നിന്ന് കൊച്ചിയിലെത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴികള്‍ രേഖപ്പെടുത്തിവരുന്നു.
https://www.facebook.com/Malayalivartha