ചാനല്‍ പരിപാടിക്കിടയില്‍ കളിയാക്കിയ പ്രസന്ന മാസ്റ്ററിന് ഉരുക്ക് സതീശന്റെ ഉശിരൻ മറുപടി; മാസ്റ്ററിനെ പൊളിച്ചടുക്കി ട്രോളര്‍മാരും
ചലച്ചിത്രവ്യവസായത്തിന്റെ ഭാഗമാകാതെനിന്ന് തന്റേതായ രീതിയില്‍ സിനിമകള്‍ ഒരുക്കിയതിന് കണക്കറ്റ ആക്രമണങ്ങള്‍ക്ക് ഇരയായ ആളാണ് സന്തോഷ് പണ്ഡിറ്റ്. 2011ല്‍ ‘കൃഷ്ണനും രാധയും’ എന്ന ആദ്യചിത്രവുമായി വന്നപ്പോള്‍ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ചര്‍ച്ചകളില്‍ വിളിച്ചിരുത്തി അപമാനിച്ച് റേറ്റിംഗ് കൂട്ടാനുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. എന്നാല്‍ പരിഹസിക്കപ്പെട്ട ‘സൗന്ദര്യശാസ്ത്ര അളവുകോലുകളി’ല്‍ത്തന്നെ സ്വന്തം സാന്നിധ്യം പില്ക്കാലത്ത് അടയാളപ്പെടുത്തിയ സന്തോഷ് ആസ്വാദകസമൂഹത്തിനും പതിയെ അഭിമതനായി.
എന്നാല്‍ കാഴ്ചക്കാരെ കൂട്ടാന്‍ മറ്റ് മരുന്നൊന്നുമില്ലെങ്കില് അറ്റ കൈക്ക് സന്തോഷ് പണ്ഡിറ്റിനെ പരിഹസിക്കാം എന്ന മനോഭാവത്തില്‍ നില്‍ക്കുകയാണ് ഇപ്പോഴും പല മാധ്യമങ്ങളും. തങ്ങളുടെ ഡാന്‍സ് റിയാലിറ്റി ഷോയുടെ പ്രൊമോഷണല്‍ വീഡിയോയ്ക്ക് ആളെ കൂട്ടാന്‍ സന്തോഷ് പണ്ഡിറ്റിനെ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ പരിഹസിച്ച മഴവില്‍ മനോരമയ്ക്കെതിരേ പ്രതിഷേധമുയര്‍ത്തുകയാണ് സോഷ്യല്‍ മീഡിയ.
മഴവില്‍ മനോരമയുടെ ഡാന്‍സ് റിയാലിറ്റി ഷോ ‘ഡി 4 ജൂനിയര്‍ സീനിയറി’ലാണ് സന്തോഷ് പണ്ഡിറ്റിന്റെ അസാന്നിധ്യത്തില്‍ അവതാരകരെല്ലാം കൂടി അദ്ദേഹത്തെ പരിഹസിക്കുന്നത്. നടി പ്രയാഗ മാര്ട്ടിന് അതിഥിയായെത്തുന്ന എപ്പിസോഡിന്റെ പ്രൊമോ വീഡിയോയാണ് മഴവില്‍ മനോരമ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഒരു ‘സന്തോഷ് പണ്ഡിറ്റ്’ പണി എന്നാണ് ഫേസ്ബുക്കില്‍ ഈ വീഡിയോയ്ക്ക് ചാനല്‍ നല്‍കിയിരിക്കുന്ന തലക്കെട്ട്.
വേദിയിലേക്കെത്തുന്ന പ്രയാഗയ്ക്ക് അവരൊഴികെ മറ്റെല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ ‘സന്തോഷ് പണ്ഡിറ്റ്’ എന്നെഴുതിയ പ്ലക്കാര്‍ഡ് കൊടുക്കുകയാണ് അവതാരക. പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്ന പേര് ആരുടേതാണെന്ന് നോക്കാതെ പറയുക എന്നതാണ് പ്രയാഗയ്ക്ക് നല്‍കിയിരിക്കുന്ന ടാസ്ക്. അതിനായി അവര്‍ ചോദിക്കുന്ന ചോദ്യങ്ങളോട് ഡി4 വിദികര്ത്താക്കള് ഉള്‍പ്പെടെയുള്ളവര്‍ നല്കുന്ന മറുപടിയാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്.
പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നയാള്‍ സുന്ദരനാണോ എന്നാണ് പ്രയാഗയുടെ ഒരു ചോദ്യം. ‘അല്ല’ എന്നാണ് ഡാന്‍സ് മാസ്റ്റര്‍ പ്രസന്നയുടെ മറുപടി. എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ടോ എന്ന പ്രയാഗയുടെ ചോദ്യത്തിന് ‘അഭിനയിച്ചാല്‍ നന്നാവു’മെന്ന് പരിഹാസച്ചുവയോടെ മറ്റൊരാള്‍.
സന്തോഷ് പണ്ഡിറ്റിനെ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍, അകാരണമായി പരിഹസിക്കുന്ന പ്രൊമോ വീഡിയോയ്ക്ക് താഴെ നാനൂറോളം കമന്റുകളാണ് ഇടംപിടിച്ചിരിക്കുന്നത്. എല്ലാംതന്നെ ചാനലിന്റെ ‘ബോഡി ഷെയ്മിംഗ്’ മനോഭാവത്തിന് എതിരെയുള്ളത്.
https://www.facebook.com/Malayalivartha