ഇതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചു കഴിഞ്ഞു...എന്റെ ഗതി ഇനി ആര്‍ക്കും വരരുത്: ദിലീപ്
താന്‍ ഇതിനോടകം തന്നെ ഒരുപാടു അനുഭവിച്ച് കഴിഞ്ഞെന്നും തന്റെ ഈ ഗതി ഇനി ആര്‍ക്കും വരരുതെന്ന് ദിലീപ്. യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനുണ്ടായ ഭീഷണിയെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതിനെ കുറിച്ച് ദിലീപ് പ്രതികരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് താന്‍ ഒരുപാട് അനുഭവിച്ചു കഴിഞ്ഞെന്നും സിനിമയില്‍ ഇനിയാര്‍ക്കും തന്റെ ഗതി വരരുതെന്നും ദിലീപ് പറയുന്നു.
അവരാരും തന്നെ നേരിട്ട് വിളിച്ചിട്ടില്ലെന്നും നാദിര്‍ഷയെ വിളിച്ചായിരുന്നു ഭീഷണയെന്നും ദിലീപ് വ്യക്തമാക്കി. നടിയെ അക്രമിച്ച സംഭവത്തില്‍ തന്റെ പേര് പറയാതിരിക്കണമെങ്കില്‍ ഒന്നരക്കോടി രൂപ നല്‍കണമെന്നതായിരുന്നു ആവശ്യമെന്നും എല്ലാ വിവരങ്ങളും താന്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ദിലീപ് വെളിപ്പെടുത്തി.
സത്യത്തിന്റെ മാര്‍ഗത്തില്‍ നില്ക്കുന്ന ഒരു വ്യക്തിയാണ് താനെന്നും ഇതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ച് കഴിഞ്ഞെന്നും ഇനി സിനിമയില്‍ ആര്‍ക്കും ഈ ഗതി വരരുതെന്നും ദീലിപ് പറയുന്നു. അയാള്‍ പറഞ്ഞ പേരുകളൊന്നും താന്‍ തത്ക്കാലം പറയുന്നില്ലെന്നും പൊലീസ് അന്വേഷിക്കട്ടെ തനിക്കാരോടും ശത്രുതയില്ലെന്നും ആര്‍ക്കും ആരുടെ പേര് വേണമെങ്കിലും പറയാമെന്നും ഈ പ്രതിസന്ധികളെയെല്ലാം ഒറ്റയ്ക്കാണ് നേരിടുന്നതെന്നും അതിലാരോടും പരാതിയില്ലെന്നും സത്യം പുറത്തുവരട്ടെയെന്നുമാണ് ദിലീപ് പ്രതികരിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ദിലീപും സംവിധായകന് നാദിര്‍ഷയും പരാതി നല്‍കിയിരുന്നു. ദിലീപ് ഷോയ്ക്ക് അമേരിക്കയില്‍ പോകുന്നതിന് മുമ്പാണ് ദിലീപ് പൊലീസില്‍ പരാതി നല്‍കിയത്.
കോടികള്‍ ചോദിച്ചാണ് നാദിര്‍ഷയെയും മാനേജര്‍ അപ്പുണ്ണിയെയും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ ദിലീപ് പൊലീസിന് കൈമാറിയത്. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പാണ് തെളിവായി നല്‍കിയിരിക്കുന്നത്. ലോക്നാഥ് ബെഹ്റ ഡിജിപിയായിരുന്ന സമയത്താണ് ദിലീപ് പരാതി നല്‍കിയത്.
ഒന്നരക്കോടി രൂപ നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ പേര് കേസിലേയ്ക്ക് വലിച്ചിഴയ്ക്കുമെന്ന് ദിലീപിന്റെ ഡ്രൈവറെയും നാദിര്‍ഷയെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ദിലീപിനെതിരെ മൊഴി കൊടുത്താല്‍ തനിക്ക് രണ്ടരക്കോടി രൂപ വരെ നല്കാന് ആളുകളുണ്ടെന്നും വിഷ്ണു പറഞ്ഞതായാണ് പരാതിയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha