ജാമ്യം തുലച്ചത് ദിലീപ് തന്നെയെന്ന് നിയമവിദഗ്ധര്‍
നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനക്കേസില്‍ തിങ്കളാഴ്ച ഹൈക്കോടതി ദിലീപിന് ജാമ്യം നിഷേധിക്കാന്‍ കാരണം താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകള്‍ തന്നെയാണെന്ന് നിയമവിദഗ്ധര്‍. ദിലീപിനെയും മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയും പൊലീസ് ആദ്യം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചപ്പോള്‍ മൂവരും നല്കിയ ഉറപ്പുകള്‍ പാലിക്കാത്തതാണ് ജാമ്യം നിഷേധിക്കാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്. വിളിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും പൊലീസിന് മുന്നില്‍ ഹാജരാകാമെന്ന് ദിലീപും നാദിര്‍ഷയും അപ്പുണ്ണിയും പറഞ്ഞിരുന്നു. മാത്രമല്ല അന്വേഷണത്തോട് ദിലീപും നാദിര്‍ഷയും അനുഭാവപൂര്‍വമാണ് സഹകരിച്ചിരുന്നത്.
എന്നാല്‍ ദിലീപ് അറസ്റ്റിലായതോടെ അപ്പുണ്ണി ഒളിവില്‍ പോയി. പൊലീസില്‍ കീഴടങ്ങുന്നതിന് പകരം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഇതെല്ലാം അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. കോടതി അത് ശരിവയ്ക്കുകയും ചെയ്തു. അപ്പുണ്ണി കീഴടങ്ങുകയും നടിയുടെ വീഡിയോ ചിത്രീകരിച്ച ഫോണിനെ കുറിച്ച് പൊലീസിന് വിവരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നെങ്കില്‍ ദിലീപിന് കോടതി സ്വാഭാവികമായി ജാമ്യം അനുവദിച്ചേനെ.
ദിലീപിന്റെ അനുജന് അനൂപ് മാധ്യമങ്ങളിലൂടെ നടത്തിയ വെല്ലുവിളികളും ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന പി.സി ജോര്‍ജിന്റെ പ്രസ്താവനകളും കോടതി വിലയിരുത്തിയെന്നാണ് കരുതുന്നത്. അതേസമയം അന്വേഷണത്തിന്റെ തുടക്കം മുതല്‍ ദിലീപ് സഹകരിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha