അഴിമതി മുന്‍നിര്‍ത്തി കൂട്ട അറസ്റ്റുകള്‍ ഇതൊരു തുടക്കം മാത്രം; ഞെട്ടിപ്പിക്കുന്ന രണ്ടാംഘട്ട അറസ്റ്റിന് ഒരുങ്ങി പോലീസ്
രാജകുടുംബങ്ങളെയും മന്ത്രിമാരെയും വ്യവസായികളെയും സൗദി അറേബ്യന്‍ പോലീസ് അറസ്റ്റ് ചെയ്തത് ഒരു തുടക്കം മാത്രം. ഞെട്ടിപ്പിക്കുന്ന രണ്ടാംഘട്ട അറസ്റ്റിന് ഒരുങ്ങുകയാണ് പോലീസ്. ഇതുസംബന്ധിച്ച സൂചന നല്‍കിയത് അറ്റോര്‍ണി ജനറല്‍ തന്നെയാണ്. ഇപ്പോള്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനിരിക്കുന്നത്.
മന്ത്രിമാരെയും രാജകുമാരന്മാരെയും വന്‍കിട വ്യവസായികളെയും അറസ്റ്റ് ചെയ്ത് ആഗോള തലത്തില്‍ വന്‍ വിവാദത്തിനും സാമ്പത്തിക ഇടിവിനും കാരണമായിരിക്കെയാണ് പുതിയ അറസ്റ്റ് വരുന്നത്. അഴിമതി മുന്‍നിര്‍ത്തിയാണ് ഈ കൂട്ട അറസ്റ്റുകള്‍. എന്നാല്‍ അധികാര വടംവലിയുടെ ഭാഗമാണ് പുതിയ നീക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
അഴിമതി പൂര്‍ണമായും ഇല്ലാതാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍ മുജീബ് പറയുന്നു. ശനിയാഴ്ച രാത്രി മുതലാണ് സൗദിയില്‍ പ്രമുഖരെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. ഞായറാഴ്ചയും തിങ്കളാഴ്ചയും നിരവധി പേരെ പിടികൂടിയിട്ടുണ്ട്.
അറസ്റ്റിലായവര്‍ റിയാദിലെ ഹോട്ടലുകളിലാണുള്ളത്. റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലിലാണ് പ്രമുഖര്‍. വ്യവസായികളെയും മറ്റു ചിലരെയും വേറൊരിടത്താണ് താമസിപ്പിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സൂചന ല്കുന്നു. എന്നാല്‍ എവിടെയാണെന്ന് റിപ്പോര്‍ട്ടുകളിലില്ല.
അറസ്റ്റിന്റെ ആദ്യഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. അതില്‍ തന്നെ പ്രമുഖരെ തടവിലാക്കാന്‍ സാധിച്ചു. ഇനി രണ്ടാം ഘട്ടം തുടങ്ങുകയാണ്. അതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ശൈഖ് മുജീബ് വിശദീകരിച്ചു. അറസ്റ്റിലായവര്‍ക്കെതിരേയുള്ള എല്ലാ തെളിവുകളും ശേഖരിച്ചുകഴിഞ്ഞിട്ടുണ്ട്. ചില സംശയങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടി അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം, വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കും. അതിനുള്ള നീക്കം അഴിമതി വിരുദ്ധ വിഭാഗം തുടങ്ങി. അറസ്റ്റിലായവര്‍ക്ക് സുതാര്യമായ വിചാരണ ഉറപ്പാക്കുമെന്നാണ് അറ്റോര്‍ണി ജനറല്‍ പറയുന്നത്. നിയമം നടപ്പാക്കുകയാണ് സൗദി ചെയ്യുന്നതെന്നും ശൈഖ് മുജീബ് പറഞ്ഞു.
https://www.facebook.com/Malayalivartha