രാജിവച്ച ലബനീസ് പ്രധാനമന്ത്രി സാദ് ഹരീരി സൗദി അറേബ്യയില്‍ നിന്ന് പാരീസിലേക്ക് തിരിച്ചു
രാജിവച്ച ലബനീസ് പ്രധാനമന്ത്രി സാദ് ഹരീരി സൗദി അറേബ്യയില്‍ നിന്ന് പാരീസിലേക്ക് തിരിച്ചു. ഭാര്യയ്ക്കൊപ്പം റിയാദില്‍ നിന്ന് സ്വകാര്യ വിമാനത്തിലാണ് പാരീസിലേക്ക് തിരിച്ചത്. ഹരീരിയുടെ പാര്‍ട്ടിയോട് അഫിലിയേറ്റു ചെയ്തിട്ടുള്ള ഫ്യൂച്ചര്‍ ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫ്രഞ്ച് സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഹരീരി പാരീസില്‍ എത്തുന്നത്. ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണുമായി ഹരീരി ചര്‍ച്ച നടത്തും. പാരീസില്‍ കുറച്ചു ദിവസം കുടുംബമായി കഴിയാനാണു ക്ഷണമെന്നും രാഷ്ട്രീയ അഭയമല്ലെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴൊങ് ഇവ് ലെദെറിയ നേരത്തെ വിശദീകരിച്ചിരുന്നു.
നവംബര്‍ നാലിനാണ് സൗദിയില്‍ നിന്നു ടിവിയിലൂടെ ഹരീരി രാജി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ലബനനില്‍ തിരിച്ചെത്തി രാജി സമര്‍പ്പിച്ചാലേ അംഗീകരിക്കുകയുള്ളുവെന്ന് ലബനീസ് പ്രസിഡന്റ് മൈക്കല്‍ ഔണ് നിലപാട് എടുത്തിരുന്നു. പാരീസില്‍ നിന്നു ബെയ്റൂട്ടിലേക്കു ഹരീരി മടങ്ങുമെന്നാണു സൂചന.
https://www.facebook.com/Malayalivartha