രോഗനിര്‍ണയം മുതല്‍ ചികിത്സവരെ അര്‍ബുദത്തിന് പരിരക്ഷ നല്കുന്ന ലോകത്തിലെ ആദ്യ സര്‍ക്കാര്‍ സംരംഭം ദുബായില്‍
ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ.) അംഗീകരിച്ചിരിക്കുന്ന അടിസ്ഥാന ആരോഗ്യ പരിരക്ഷയില്‍ മൂന്നുതരം അര്‍ബുദങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നു. ഇതോടെ രോഗനിര്‍ണയം മുതല്‍ ചികിത്സവരെ അര്‍ബുദത്തിന് പരിരക്ഷ നല്കുന്ന ലോകത്തിലെ ആദ്യ സര്‍ക്കാരാകും ദുബായിയുടേത്.
ബസ്മാഹ് എന്ന ഈ സംരംഭത്തിന് കീഴില്‍ സ്തനാര്‍ബുദം, സെര്‍വിക്കല്‍ അര്‍ബുദം, കോളോറെക്ടല്‍ അര്‍ബുദം എന്നിവയ്ക്കാണ് ചികിത്സ ലഭിക്കുകയെന്ന് ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു.
മുന്‍പും അടിസ്ഥാനപരിരക്ഷയില് അര്‍ബുദം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പരമാവധി 1,50,000 ദിര്‍ഹം വരെയാണ് ചികിത്സയ്ക്കായി ലഭിച്ചിരുന്നത്. ഇനിമുതല്‍ ഇത്തരം രോഗികള്‍ക്ക് രോഗനിര്‍ണയം ഉള്‍പ്പടെ മുഴുവന്‍ ചികിത്സയ്ക്കും ഇന്‍ഷുറന്‍സ് ലഭിക്കും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ആരോഗ്യരംഗത്ത് ഏറ്റവുംമികച്ച സേവനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
വിവിധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പിന്തുണയുള്ളതിനാലാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പ്രമേഹം, ഹൃദ്രോഗം, നവജാത ശിശുക്കളുടെ രോഗങ്ങള്‍ എന്നിവയുടെ നിര്‍ണയവും അടുത്തിടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുകീഴില് കണ്ടുവന്നിരുന്നു.
സ്ക്രീനിങ് കൂടി ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഭാഗമാകുന്നത് നേരത്തേയുള്ള രോഗനിര്‍ണയത്തിന് സഹായമാകും.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് രോഗനിര്‍ണയം നടക്കുക. ഈ മൂന്ന് അര്‍ബുദങ്ങളില്‍ ഏതെങ്കിലും കണ്ടെത്തിയാല്‍ ഡി.എച്ച്.എ.യുടെ പേഷ്യന്റ് ട്രാക്കിങ് ആന്‍ഡ് ഫോളോഅപ്പ് കേന്ദ്രത്തിന് അറിയിപ്പ് ലഭിക്കും. പിന്നീട് രോഗിക്കാവശ്യമുള്ള ചികിത്സ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് കേന്ദ്രം മേല്‍നോട്ടം വഹിക്കും. ദുബായ് ആസ്പത്രിയിലാണ് ബസ്മാഹ് സംരംഭപ്രകാരം ചികിത്സ ലഭിക്കുക.
https://www.facebook.com/Malayalivartha