പാക്കിസ്ഥാനിലെ കോടതിയിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ ഛര്‍സാദ ജില്ലയിലെ താംഗിയിലെ കോടതിയില്‍ താലിബാന് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ഒരു അഭിഭാഷകന് ഉള്‍പ്പെടെ ഏഴു പേര് കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. താലിബാന്റെ അവാന്തര വിഭാഗമായ ജമാഅത്ത് ഉല് അഹ്റാര്‍(ജെയുഎ) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ആക്രമണം നടത്തിയ മൂന്നു ഭീകരരെയും വധിച്ചതായി പോലീസ് അവകാശപ്പെട്ടു. കോടതി ഗേറ്റിനു സമീപമാണ് ആദ്യത്തെ ഭീകരന് കൊല്ലപ്പെട്ടത്. കോടതിക്കുള്ളില്‍ കടക്കാന്‍ ശ്രമിച്ച രണ്ടാമനും വെടിയേറ്റുവീണു. സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് മൂന്നാമന് കൊല്ലപ്പെട്ടത്.
ഛര്സാദയിലെ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെ വകവരുത്തിയ സുരക്ഷാ സൈനികരെ ഇന്റര്‍ സര്‍വീസ് പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അസിഫ് ഗഫൂര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അഭിനന്ദിച്ചു. സിന്ധ് പ്രവിശ്യയിലെ സൂഫി തീര്‍ഥാടന കേന്ദ്രത്തില്‍ ഐഎസ് നടത്തിയ ഭീകരാക്രമണത്തില്‍ 88 പേര് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു പാക് സൈന്യം ഭീകരവേട്ട ഊര്‍ജിതമാക്കിയിരുന്നു. സൈനിക നടപടിയില്‍ 130ല്‍ അധികം പേര് കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha