ഐ എസില്‍ ചേര്‍ന്ന മലയാളി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി അന്വേഷണ ഏജന്‍സികള്‍

ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ (ഐ.എസ്) ചേര്‍ന്ന മലയാളികളുടെ തലവനെന്ന് കരുതുന്ന സജീര്‍ മംഗലശ്ശേരി അബ്ദുള്ള അഫ്ഗാനിസ്ഥാനിലെ നംഗാര്‍ഹര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന. എന്നാല്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. അമേരിക്കയോ അഫ്ഗാനിസ്ഥാനോ ഇതുസംബന്ധിച്ച വിവരം കൈമാറിയിട്ടില്ലെന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നു. നംഗാര്‍ഹര്‍ പ്രവിശ്യയിലെ ഷാദല്‍ ബസാര്‍ വാലിയില്‍ ഇപ്പോഴും യു.എസ് അഫ്ഗാന്‍ വ്യോമസേനകള്‍ ആക്രമണം നടത്തുകയാണെന്നും കൊല്ലപ്പെട്ടവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നുമാണ് അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ള വിവരം.
കേരളത്തില്‍നിന്ന് അഫ്ഗാനിസ്താനിലെ ഐ.എസ് ക്യാമ്പിലേക്ക് പരിശീലത്തിനുപോയ 21 പേരെ റിക്രൂട്ട് ചെയ്തത് സജീറാണെന്ന് എന്‍.ഐ.എ നേരത്തെ കണ്ടെത്തിയിരുന്നു. കോഴിക്കോട് ചെലവൂരിനടുത്ത മൂഴിക്കല്‍ ചാലിയാര്‍ കുന്ന് സ്വദേശിയാണ് എടക്കുളത്തൂര്‍ പറമ്പ് വീട്ടില്‍ സജീര്‍ എഞ്ചിനീയറിംങ് ബിരുദധാരിയും ഐടി രംഗത്തെ വിദഗ്ദനുമായിരുന്നു . മലയാളികളടക്കമുള്ളവരെ ഐസിസിലേക്കു റിക്രൂട്ട് ചെയ്യുന്നതിനിലെ പ്രധാനിയായ സജീര്‍ തീവ്രവാദ സംഘവുമായി അടുക്കുന്നത് ദുബായില്‍ ജോലിയിലുള്ളപ്പോയാണ്. സജീര്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലാണെന്നാണ് അന്വേഷണ സംഗത്തിന്റെ നിഗമനം. നാട്ടില്‍ ആരുമായും സൗഹൃദമോ ഇടപഴക്കമോ ഇല്ലാത്ത സജീര്‍ സലഫി ആശയക്കാരനായിരുന്നു.
ഐസിസിന്റെ മലയാളം വെബ്‌സൈറ്റായ അല്‍മുഹാജിറൂന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതില്‍ ഒരാള്‍ സജീര്‍ ആണെന്നും എന്‍.ഐ.എ കണ്ടെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന സജീര്‍ റൈറ്റ് തിങ്കേഴ്‌സ്, ഫ്രീ തിങ്കേഴ്‌സ്, എസ്.ഡി.പിഐ കേരളം തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പുകളിലും അംഗമായിരുന്നു. റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് 2014 ഒക്ടോബറില്‍ യുഎയില്‍ സംഘടിപ്പിച്ച മീറ്റില്‍ സജീര്‍ പങ്കെടുത്തിരുന്നു. സജീറുമായി ബന്ധമുള്ള ചില ഫേസ്ബുക്ക് ഐഡികള്‍ ഇപ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരികയാണ്. ഇതില്‍ പലരും ഇപ്പോഴും സജീറുമായി ബന്ധം തുടരുന്നുണ്ട്. ഇതില്‍ എന്‍.ഐ.എയുടെ നിരീക്ഷണ വലയത്തില്‍ നേരത്തെയുള്ളവരുമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സ്വന്തം പേരിലുള്ള അക്കൗണ്ട് ഡിലീറ്റ് ചെയ്ത ശേഷം വ്യാജ അക്കൗണ്ടുകളില്‍ എത്തിയാണ് സജീര്‍ ഐസിസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും കൈമാറുകയും ചെയ്തിരുന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ പിതാവിന്റെ വീട്ടിലായിരുന്നു സജീറിന്റെ ചെറുപ്പകാലം. പത്താംക്ലാസ് വരെ ഇവിടെയായിരുന്നു പഠനം. പിന്നീട് കോഴിക്കോട് ചെലവൂരിലെ ഉമ്മയുടെ തറവാടു വീട്ടിലായിരുന്നു താമസം. പത്തിലും പ്ലസ് ടുവിലും നല്ല മാര്‍ക്കോടു കൂടി വിജയിച്ച സജീര്‍ മുക്കം ചാത്തമംഗലം എന്‍.ഐ.ടിയില്‍ തുടര്‍ പഠനം നടത്തി. 1998-2002 ബാച്ചിലാണ് ഇവിടെ നിന്നും സിവില്‍ എഞ്ചിനീയറിംങ് പഠനം പൂര്‍ത്തിയാക്കുന്നത്. പഠനകാലത്തു തന്നെ ഐടി, എഞ്ചിനീയറിംങ് മേഖലഖളില്‍ കഴിവ് തെളിയിച്ചിരുന്നു. പഠിച്ചിറങ്ങിയ ശേഷം ദുബായിലെ കമ്പനിയില്‍ ജോലി ലഭിച്ചതോടെയാണ് പ്രവാസ ജീവിതത്തിന് തുടക്കമിമിടുകയും തുടര്‍ന്ന് ഐ എസ്സില്‍ ചേര്‍ന്നതും. ഓണ്‍ലൈന്‍ വഴിയുള്ള ഖുര്‍ആന്‍ ഹദീസ് പഠനങ്ങളും ഐസിസ് സംഘങ്ങളുമായുള്ള നിരന്തര ഓണ്‍ലൈന്‍ ബന്ധവുമാണ് ഇത്തരം ആശയങ്ങളിലേക്കു എത്തിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha