അമേരിക്കന്‍ ഡ്രോണുകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ നീക്കത്തില്‍ ചൈനയ്ക്ക് ആശങ്ക
അമേരിക്കയില്‍ നിന്ന് 22 അത്യാധുനിക നിരീക്ഷണ ഡ്രോണുകള്‍ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തില്‍ ചൈനയ്ക്ക് ആശങ്ക. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കുന്ന പ്രതിരോധ കരാറിലാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ ഏര്‍പ്പെടാന്‍ പോകുന്നത് എന്നതാണ് ചൈനീസ് ആശങ്കയ്ക്ക് പിന്നില്‍. അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനും ഇന്ത്യന്‍ കമ്പനിയായ ടാറ്റയും സംയുക്തമായി ഇന്ത്യയില്‍ അത്യാധുനിക എഫ്16 യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ സഹകരിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെടുത്തിയാണ് ചൈന നിരീക്ഷണ ഡ്രോണ്‍ കരാറിനെ നോക്കിക്കാണുന്നത്.
ചൈനീസ് പെകിങ് സര്‍വകലാശാല പ്രഫസറായ ഹാന്‍ ഹുവ ഇന്ത്യ ടുഡെയ്ക്ക് നല്കിയ വിവരങ്ങളാണ് ഇത്. എഫ് 16 വിമാന കരാര്‍ നോക്കുകയാണെങ്കില്‍ അതൊരു സാങ്കേതിക വിദ്യ കൈമാറ്റമായി മാത്രം തോന്നുമെന്ന് ഹാന്‍ ഹുവ ചൂണ്ടിക്കാട്ടി. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. പക്ഷെ പ്രതിരോധ സഹകരണവും ഡ്രോണുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ എത്തുന്നതുമാണ് പ്രശ്നം. ഇന്ത്യന്‍ മഹാസമുദ്രമാകമാനം ഇന്ത്യന്‍ നിരീക്ഷണത്തിന് കീഴില്‍ വരും. എഫ്16 സഹകരണത്തിനേക്കാള് ചൈനയെ ഏറെ ഉത്കണ്ഠാകുലമാക്കുന്നത് ഇക്കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ അമേരിക്ക ബന്ധം ചൈന അമേരിക്ക ബന്ധത്തെ ബാധിക്കുമെന്നും ഹാന്‍ ഹുവ പറയുന്നു. ബുഷ് ഭരണകൂടം ഇന്ത്യയുമായി ബന്ധം വര്‍ധിപ്പിച്ചതിന് ശേഷം ചൈനീസ് മുന്നേറ്റത്തെ നേരിടുന്നതില്‍ ഇന്ത്യയ്ക്കുള്ള പങ്കിനെക്കുറിച്ച് അമേരിക്കയില്‍ ചര്‍ച്ചകള്‍ നടക്കുന്നു. 2005 ലെ ആണവ കരാറിന് പിന്നാലെ ഇന്ത്യ അമേരിക്ക ബന്ധത്തിലുണ്ടാകുന്ന വളര്‍ച്ച ചൈനയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള പ്രതീകാത്മക മാര്‍ഗമായിരുന്നു ആണവ കരാറെന്നും അതാണ് ചൈനയെ ആശങ്കപ്പെടുത്തുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha