അല്‍ അഖ്സ പള്ളിയിലെ മെറ്റല്‍ ഡിറ്റക്ടര്‍ ഇസ്രായേല്‍ നീക്കം ചെയ്തു
കിഴക്കന്‍ ജറൂസലമിലെ അല്‍ അഖ്സ മോസ്കിന്റെ പ്രവേശന കവാടത്തില്‍ നിന്ന് നിരീക്ഷണ കാമറകളും മെറ്റല്‍ ഡിറ്റക്ടറും നീക്കംചെയ്തു. ശക്തമായ പ്രതിഷേധവും പ്രക്ഷോഭങ്ങളും കണക്കിലെടുത്താണ് നടപടി. ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലുള്ള നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു. മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് വിശ്വാസികള്‍ പള്ളിയുടെ വെളിയിലാണ് കഴിഞ്ഞ ദിവസം പ്രാര്‍ഥന നടത്തിയത്.
രണ്ട് ഇസ്രയേലി പോലീസുകാരെ കൊലപ്പെടുത്തിയശേഷം അക്രമികള്‍ അല്‍ അഖ്സ മോസ്ക് മേഖലയിലേക്ക് ഓടിപ്പോയ സംഭവത്തെത്തുടര്‍ന്നാണ് മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചത്. അക്രമികളെ ഇസ്രയേലി പോലീസ് വെടിവച്ചുകൊന്നു. ഇതെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ഇതിനകം എട്ടുപേര്‍ കൂടി കൊല്ലപ്പെട്ടു.
മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചത് അല്‍ അഖ്സ മോസ്ക് മേഖലയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഇസ്രയേലി നീക്കത്തിന്റെ ഭാഗമാണെന്ന് പലസ്തീന്‍കാര്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha