വീട്ടില്‍ വെള്ളം കയറിയതോടെ സ്വന്തം ജീവൻ രക്ഷിക്കാൻ എങ്ങോട്ടോ കടന്നു കളയുന്നതിനിടെ മിണ്ടാപ്രാണിയായ വളര്‍ത്തുനായയെ കൂട്ടില്‍ കെട്ടിയിട്ട് വീട്ടുകാരുടെ ക്രൂരത; ദിവസങ്ങളോളം കഴുത്തറ്റം വെള്ളത്തില്‍ കിടന്ന് അവശനിലയിലായ നായയ്ക്ക് പുതു ജീവൻ നൽകി മൃഗസ്നേഹികള്‍
കോട്ടയത്ത് വീട്ടില്‍ വെള്ളം കയറിയതോടെ മിണ്ടാപ്രാണിയായ നായയെ കൂട്ടിൽ കെട്ടിയിട്ട് തടിതപ്പി വീട്ടുകാർ. വെള്ളം കയറി കഴുത്തുപോലും മുങ്ങിയ നായ ദിവസങ്ങളായി ദുരിതക്കയത്തിലായിരുന്നു. എന്നാല്‍ ഇക്കാര്യം അറിഞ്ഞ ഒരു പറ്റം മൃഗസ്നേഹികള്‍ ആ സാധുജീവിയെ വെള്ളത്തില്‍ നിന്നും കൈപിടിച്ച് ജീവിതത്തിലേക്ക് തിരികെ നയിക്കുകയായിരുന്നു. നായയെ കണ്ടെത്തുമ്ബോള്‍ കൂട്ടില്‍ കിടന്ന ഒരു മരക്കഷ്ണത്തില്‍ തലമാത്രം ഉയര്‍ത്തി വെച്ച് ജീവവായുവിന് വേണ്ടി പോലും കഷ്ടപ്പെടുന്ന നിലയിലായിരുന്നു അവശനിലയിലായ ഈ ജീവി. എങ്കിലും ഒരു ദുരന്തമാകേണ്ടിയിരുന്ന സംഭവത്തിന് സന്തോഷകരമായ ക്ലൈമാക്സ് ഉണ്ടായ സന്തോഷത്തിലാണ് താഴത്തങ്ങാടിയിലെ നാട്ടുകാര്‍. ഇക്കാര്യം ഡോഗ് ലവേഴ്സ് കേരള എന്ന പേജില്‍ പങ്കുവച്ചതോടെ ഈ സ്നേഹത്തിന് കേരളം നെഞ്ചോട് ചേര്‍ത്തു.
ഡോഗ് ലവേഴ്സ് കേരള പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കോട്ടയം താഴത്തങ്ങാടി ഭാഗത്തു തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് വെളളം പൊങ്ങിയപ്പോള്‍ വര്‍ഷങ്ങളോളം തങ്ങളെ സംരക്ഷിച്ചു വന്ന നായയെ അരയ്ക്കൊപ്പം വെള്ളത്തില്‍ കൂട്ടില്‍ പൂട്ടിയിട്ട് വീട്ടുകാര്‍ സ്വന്തം സുരക്ഷ നോക്കി എങ്ങോ പോയി. രണ്ടു ദിവസമായി വെള്ളത്തില്‍ മുങ്ങി കിടക്കുന്ന നായയുടെ ദയനീയ അവസ്ഥ കണ്ടു ഞങ്ങളെ അയല്‍വാസിയായ ഒരാള്‍ വിവരമറിയിച്ചു. ഏകദേശം ഒന്നര കിലോമീറ്ററോളം അരയൊപ്പം വെള്ളത്തിലൂടെ നടന്നാണ് ഞങ്ങള്‍ അവന്റെ അടുത്ത് എത്തിയത്.
ഞങ്ങള്‍ അവിടെ എത്തുമ്ബോഴേക്ക് തീര്‍ത്തും അവശ നിലയിലായിരുന്നു അവന്. കൂട്ടില്‍ കിടന്ന ഒരു തടി കഷണത്തില്‍ പിടിച്ച് തല മാത്രം വെള്ളത്തിന് മുകളില്‍ ഉയര്‍ത്തി പിടിച്ചു കൂട്ടില്‍ നിലക്കുകയായിരുന്നു ആ പാവം. ഉടന്‍ തന്നെ ഞങ്ങള്‍ അവനെ പുറത്തെടുത്തു. ശരീരം മുഴുവന്‍ മരവിച്ച അവസ്ഥയിലായിരുന്നു. വേഗം തന്നെ അവനെ ഹോസ്പിറ്റലില്‍ എത്തിച്ചു വേണ്ട ചികിത്സ നല്‍കുകയും അവന്റെ ദേഹം ചൂട് പിടിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ അവന് ഭക്ഷണം ഒക്കെ കഴിച്ചു ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു.
വെള്ളം പൊങ്ങി വീടും മറ്റും അടച്ചിട്ട് പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന, കഴിവതും ഈ മിണ്ടാപ്രാണികളെ കൂട്ടിലടയ്ക്കുകയും കെട്ടി ഇടാതെയും പോവുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവയ്ക്ക് സ്വയം രക്ഷപെടാനെങ്കിലും സാധിക്കുമല്ലോ.. മനുഷ്യനായാലും മൃഗമായാലും ജീവന്റെ വില അതൊന്നു തന്നെയാണ്!
https://www.facebook.com/Malayalivartha