വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തി അദാനി ഗ്രൂപ്പ്: ലക്ഷ്യം മൂക്കുന്നിമലയിലെ ക്വാറി തുറക്കല്‍
മൂക്കുന്നിമലയിലെ ക്വാറികള്‍ക്കെതിരെ ഹൈക്കോടതിയും വിജിലന്‍സും പിടിമുറുക്കുമ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്പ്പിച്ച് ഉന്നതര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.
കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം അദാനി ഗ്രൂപ്പ് നിര്‍ത്തിവച്ചത്. കരിങ്കല്ല് കിട്ടാനില്ലെന്ന ന്യായം പറഞ്ഞാണ് പദ്ധതിയുടെ പുലിമുട്ട് നിര്‍മ്മാണം നിര്‍ത്തിയത്. തുറമുഖ നിര്‍മ്മാണത്തിനാവശ്യമായ കരിങ്കല്ല് കൊണ്ടുവരുന്നത് മുക്കുന്നിമലയില്‍ നിന്നാണ്.
പത്തനംതിട്ട മേഖലയില്‍ നിന്നുള്ള വന്‍കിട മുതലാളിമാരാണ് മുക്കുന്നിമലയില്‍ കരിങ്കല്‍ ക്വാറികള്‍ നടത്തുന്നത്. ഇവര്‍ക്കെതിരെ വനിതകള്‍ അടക്കമുള്ള നാട്ടുകാര്‍ സമരരംഗത്തുണ്ട്. വര്‍ഷങ്ങളായി സമരം ആരംഭിച്ചിട്ട്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ക്വാറിക്കാര്‍ക്ക് നിര്‍ലോഭമായ പിന്തുണയാണ് ലഭിച്ചത്. മല സ്ഥിതി ചെയ്യുന്ന പള്ളിച്ചല്‍ പഞ്ചായത്ത് അക്കാലത്ത് കോണ്‍ഗ്രസിന്റെ ഭരണസാരഥ്യത്തിലായിരുന്നു. പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ക്വാറിക്കാരെ അഹമിഹയാ സഹായിച്ചു.കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന രാകേഷിന് വി എം സുധീരന് സീറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ടായി.
ഇപ്പോള്‍ പള്ളിച്ചല്‍ പഞ്ചായത്ത് ഭരിക്കുന്നത് ബിജെപിയാണ്. ഇതിനിടയില്‍ ക്വാറി മാഫിയക്കെതിരെ വിജിലന്‍സ് കേസെടുക്കുകയും ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. അതോടെ പ്രക്ഷോഭം വിജയിക്കുന്ന ഘട്ടത്തിലെത്തി. വിഷയത്തില്‍ ഹൈക്കോടതിയും ഇടപെട്ടു. വിജിലന്‍സിനോട് അവര്‍ റിപ്പോര്‍ട്ട് തേടി. മൂക്കന്നിമലയില് നടക്കുന്നത് അഴിമതിയാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്കി. ഇതിന്റെ ഫലമായി ചില ക്വാറികള്‍ പൂട്ടി. എല്ലാ ക്വാറികളും പൂട്ടണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.
മൂക്കന്നിമലയിലെ ക്വാറികള്‍ പഴയതു പോലെ തുറന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തേണ്ടി വരുമെന്ന പ്രതീതിയുണ്ടാക്കുകയാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. വിഴിഞ്ഞം മുടങ്ങുമോ എന്ന ഭയത്താല്‍ സര്‍ക്കാരിന് ഉടന്‍ മൂക്കന്നിമലയിലെ ക്വാറികള്‍ തുറക്കേണ്ടി വരും.
https://www.facebook.com/Malayalivartha