കടലില്‍ മുങ്ങിത്താണ ഭാര്യയെ രക്ഷപ്പെടുത്തിയ ഭര്‍ത്താവിന് ദാരുണാന്ത്യം
മത്സ്യ ബന്ധന വള്ളം മറിഞ്ഞ് കായലില്‍ വീണ യുവതിയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച ഭര്‍ത്താവ് നിമിഷങ്ങള്‍ക്കകം മുങ്ങിമരിച്ചു. കല്ലിയൂര്‍ കാക്കാമൂല കാഞ്ഞിരംവിള ഈനോസ് നഗറില്‍ കായല്‍ക്കര വീട്ടില്‍ ഡേവിഡ് സിംഗ് ബാലകാണ് (42) മരിച്ചത്. അപകടത്തില്‍പ്പെട്ട ഭാര്യ ചന്ദ്രലേഖ അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
ഇന്നലെ രാത്രി പത്തര മണിയോടെ വെള്ളായണിക്കായലില് കാക്കാമൂല ഭാഗത്തായിരുന്നു അപകടം. മത്സ്യതൊഴിലാളിയായ ഡേവിഡ് സിംഗ് ഭാര്യയുമൊത്താണ് ചെറുവള്ളത്തില്‍ മത്സ്യ ബന്ധനത്തിന് പോകുന്നത്. ഇന്നലെ രാത്രിയും പതിവുപോലെ മത്സ്യബന്ധനത്തിന് പോയ ഇവര്‍ കായലില്‍ വലയിടുന്നതിനിടെ ബാലന്‍സ് തെറ്റി ചന്ദ്രലേഖ കായലില്‍ വീഴുകയും വള്ളം മറിയുകയും ചെയ്തു.
കായലില്‍ ചാടിയ ഡേവിഡ് സിംഗ് ആഴവും ചെളിയുമുള്ള ഭാഗത്ത് അകപ്പെട്ട ഭാര്യയെ രക്ഷപ്പെടുത്തി അവരുമായി നീന്തികരയ്ക്കെത്തി. ചന്ദ്രലേഖയെ കരയിലിരുത്തിയ ശേഷം മുങ്ങികിടന്ന വള്ളം നേരെയാക്കാന്‍ കായലിലേക്ക് മടങ്ങിയ ഡേവിഡ് സിംഗ് വള്ളം ഉയര്‍ത്തുന്നതിനിടെ അബദ്ധത്തില്‍ വള്ളത്തിനടിയില്പ്പെടുകയും പൊങ്ങാനാകാതെ ചെളിയില്‍ പുതയുകയുമായിരുന്നു.
ഭര്‍ത്താവ് കായലില്‍ മുങ്ങിതാഴുന്നത് കണ്ട ചന്ദ്രലേഖ നിലവിളിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളും നാട്ടുകാരും ഓടിക്കൂടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വിഴിഞ്ഞം പൊലീസും ഫയര്‍ഫോഴ്സും എത്തി നാട്ടുകാരുടെ സഹായത്താല്‍ രണ്ട് മണിക്കൂറോളം തെരച്ചില്‍ നടത്തിയശേഷമാണ് ഡേവിഡ് സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നേമം പൊലീസ് കേസെടുത്തു. മക്കള്‍: അക്ഷയ്, ആഷിഖ്.
https://www.facebook.com/Malayalivartha