മന്ത്രി എം.എം മണിയ്ക്ക് കാവലൊരുക്കി ആറംഗ വനിതാ പോലീസ് സംഘം
മൂന്നാറിലെ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് മൂന്നാറിലെയും കേരളത്തിലെ വിവിധ ഭാഗങ്ങളിലെയും വനിതകളുടെ സമരവും പ്രതിഷേധവും നേരിടുന്ന വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിക്ക് വനിതാ പോലീസ് സംഘത്തിന്റെ പ്രത്യേക കാവല്‍.
പൊതുപരിപാടി സ്ഥലങ്ങളിലും റോഡിലും വച്ചും മണിക്ക് നേരെ വനിതാ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് മണിയുടെ സുരക്ഷക്കായി വനിതാ പോലീസ് സംഘത്തെ കൂടി നിയോഗിച്ചിരിക്കുന്നത്. മന്ത്രി മണി പോകുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തിന്റെ വാഹനത്തോടൊപ്പം ആറ് വനിതാ പോലീസ് സംഘത്തെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വനിതാ പോലീസ് സംഘം പ്രത്യേകം വാഹനത്തിലാണ് സഞ്ചരിക്കുക. പോലീസ് കണ്ട്രോള് റൂമിന്റെ കാമറ ഉള്‍പ്പെടെയുള്ള സജ്ജീകരണമുള്ള ഷെവര്‍ലെറ്റ് കാറിലാണ് വനിതാ പോലീസ് സംഘം സഞ്ചരിക്കുക. മന്ത്രി മണിക്ക് എസ്കോര്‍ട്ടും പൈലറ്റിനുമായി പുരുഷ പോലീസുകാരും ഉണ്ട്. അതിന് പുറമെയാണ് വനിതാ പോലീസ് സംഘത്തെ കൂടി നിയോഗിച്ചിരിക്കുന്നത്.
ബുധനാഴ്ച മുതല്‍ വനിതാ പോലീസിന്റെ സുരക്ഷയും മന്ത്രിക്ക് ലഭിച്ച് തുടങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തില്‍ മന്ത്രി ബുധനാഴ്ച പോയ എല്ലാ സ്ഥലങ്ങളിലും വനിതാ പോലീസുകാരും അകമ്പടി സേവിച്ചിരുന്നു.
https://www.facebook.com/Malayalivartha