പ്രിയപ്പെട്ട ലാലേട്ടന് ആരാധകന്റെ നിലാവില് കുളിച്ച സംഗീതാര്‍പ്പണം
മനസ്സില്‍ എപ്പോളും ഒരു പ്രത്യേക അനുഭൂതി നല്കുന്ന ഒന്നാണ് നിലാവെളിച്ചം. നിലാവിന്റെ ആ സൗന്ദര്യത്തിന് എന്തന്നില്ലാത്തൊരു വികാരം മനസ്സിലുണര്ത്താനുള്ള കഴിവുണ്ട്. ആ നിലാവിന്റെ ഭാവഭേദങ്ങള്‍ സിനിമകളിലും സംഗീത ആല്‍ബങ്ങളിലും എപ്പോഴും കടന്നുവരാറുണ്ട്. ആ ഭംഗിയ്ക്ക് ഓരോ കാഴ്ചയിലും ഓരോ അനുഭൂതിയാണ്. അത്തരം പച്ഛാത്തലത്തില് ശബരീഷ് പ്രഭാകറെന്ന വയലിനിസ്റ്റ് തയ്യാറാക്കിയ സംഗീത ആല്‍ബമാണ് നൈറ്റിങ്ഗേള്‍. പൂര്‍ണമായും നിലാവെളിച്ചത്തില്‍ ചിത്രീകരിച്ച മ്യൂസിക് ആല്‍ബമാണിത്. സംഗീത രംഗത്ത് ഒരുപക്ഷേ ഇങ്ങനെയൊരു പരീക്ഷണം തന്നെ അപൂര്‍വമാകും. നിലാവിന്റെ വെളിച്ചം മാത്രം ഉപയോഗിച്ച് ചിത്രീകരിച്ച നൈറ്റിങ്ഗേള്‍ എന്ന സംഗീത ആല്‍ബം നടന് മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായാണ് ശബരീഷ് തയ്യാറാക്കിയത്.
ഒരുപക്ഷേ ലോകത്തില്‍ തന്നെ ആദ്യമായിട്ടാകും പൂര്‍ണമായും നിലാവെളിച്ചത്തില്‍ ഒരു പരീക്ഷണം. വ്യത്യസ്തത വേണമെന്നുള്ള ആഗ്രഹവും ആ വ്യത്യസ്തത ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാന്‍ കഴിയണമെന്നതുമായിരുന്നു പരീക്ഷണത്തിന് പിന്നില്‍.
മോഹന്‍ലാലിന്റെ ദേവദൂതന്, ഗുരു എന്നീ ചിത്രങ്ങളില്‍ നിന്നുള്ള പാട്ടുകളാണ് ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയത്. ഇരു പാട്ടുകളിലും വിരഹം ഒരു വിഷയമാണ്. നിലാവെളിച്ചത്തില്‍ ചിത്രീകരിക്കുമ്പോള്‍ വിരഹത്തിന് അത് യോജിക്കുമെന്ന തോന്നലും ഇവ രണ്ടും ആളുകള്‍ ഓര്‍മയില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുള്ള പാട്ടുകളാണെന്നതാണ് തിരഞ്ഞെടുത്തതിന് പിന്നില്‍.
https://www.facebook.com/Malayalivartha