പുതുവൈപ്പിനില്‍ ഡി സിപി യതീഷ് ചന്ദ്ര കാണിച്ചു കൂട്ടിയ വിക്രിയകളെ സെന്‍കുമാര്‍ കണ്ണുമടച്ച് അനുകൂലിച്ചത് എന്തിന്?
മുമ്പ് എം.ജി.കോളേജില്‍ ഒരു പോലീസുദ്യോഗസ്ഥന് ഒരു വിദ്യാര്‍ത്ഥിയെ മൃഗീയമായി തല്ലുന്നത് കണ്ടു കൊണ്ടുവന്ന സെന്‍കുമാര്‍ പോലീസുകാരന്റെ കോളറില്‍ പിടിച്ച് തടഞ്ഞ സംഭവം ഓര്‍മ്മയുള്ളവര്‍ മൃഗീയ വാസനകള്ക്കുടമയായ യതീഷ് ചന്ദ്രയെ സെന്‍കുമാര്‍ പ്രോത്സാഹിപ്പിക്കുന്നത് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
തന്റെ സമയദോഷത്തിനു തനിക്കൊപ്പം നിന്ന മാധ്യമങ്ങളെ സെന്‍കുമാര്‍ കണ്ണുമടച്ച് പഴിക്കുന്നത് കണ്ടപ്പോഴും കേരളം ഞെട്ടി.
കാരണം എന്താണന്നോ? കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള തന്റെ നിയമനം സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ഇടയുണ്ടെന്ന് മനസിലാക്കിയാണ് സെന്‍കുമാര്‍ സര്‍ക്കാരിനെ പരസ്യമായി പിന്തുണച്ചത്. സെന്‍കുമാര്‍ പരസ്യ പ്രസ്താവന നടത്തിയതോടെ കുറ്റമെല്ലാം സര്‍ക്കാരിന്റെ തലയില്‍ നിന്ന് പോലീസിന്റെ തലയില്‍ എത്തുകയും ചെയ്തു. സര്‍ക്കാരിന് തന്നില്‍ മതിപ്പുണ്ടാകുന്നുവെങ്കില് ഉണ്ടാകട്ടെ എന്നായിരുന്നു സെന്‍കുമാറിന്റെ ചിന്ത.
അതേ സമയം സെന്‍കുമാര്‍ ഉള്‍പ്പെട്ട കെ.എ.ടി പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ഇതുവരെ നല്‍കിയിട്ടില്ല.
ഇതു രണ്ടും സര്‍ക്കാരിന്റെ പദ്ധതിയായിരുന്നു. വി.എസും കാനവും ഉള്‍പ്പെടെയുള്ളവര്‍ യതീഷ് ചന്ദ്രക്കെതിരെ തിരിഞ്ഞപ്പോള്‍ പ്രധാനമന്ത്രിക്ക് തീവ്രവാദ ഭീഷണിയുണ്ടായിരുന്നുവെന്നു പറഞ്ഞ് സംഭവത്തിന്റെ തീവ്രത കുറയ്ക്കാന്‍ ആഭ്യന്തര വകുപ്പാണ് സെന്‍കുമാറിന് നിര്‍ദ്ദേശം നല്‍കിയത്. പോരാത്തതിന് വി.എസിന്റെ വിശ്വസ്തനാണ് സെന്‍കുമാര്‍. യതീഷ് ചന്ദ്രയെ സസ്പെന്റ് ചെയ്യണമെന്നാണ് വി.എസിന്റെ ആവശ്യം.
സെന്‍കുമാര്‍ കൊച്ചിയില്‍ എത്തുന്നതിന് തൊട്ടുമുമ്പ് റൂറല്‍ പോലീസ് മേധാവിയും തീവ്രവാദ ബന്ധത്തിന്റെ കാര്യം പറഞ്ഞതും സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ്. യതീഷ് ചന്ദ്രക്കെതിരെ ആദ്യം നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചെങ്കിലും അത് സര്‍ക്കാരിന്റെ ഇമേജിനു കളങ്കമാകുമെന്നു കണ്ട് മാറ്റി വയ്ക്കുകയായിരുന്നു. ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടങ്ങിയ ശേഷം യതീഷ് ചന്ദ്രയെ മാറ്റും.
ചിലപ്പോള്‍ മറ്റൊന്നു കൂടി സംഭവിച്ചെന്നിരിക്കാം. വൈപ്പിന്‍ സംഭവത്തില്‍ പോലീസ് അതിക്രമത്തിനെതിരെ സര്‍ക്കാര്‍ സെന്‍കുമാറിനെതിരെ നടപടി എടുത്തേക്കാം. സെന്‍കുമാറിനെതിരെ നടപടിക്ക് വേണ്ടി ആഭ്യന്തര വകുപ്പ് കാത്തിരിക്കുകയാണ്. നടപടിയെടുത്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തെറിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍ അതിനുള്ള സാധ്യത കുറവാണ്.
സെന്‍കുമാര്‍ ജൂണ്‍ 30-ന് വിരമിക്കാനിരിക്കുകയാണ്. എങ്ങനെയെങ്കിലും ജൂണ്‍ 30 വന്നു ചേരാനാണ് സെന്‍കുമാര്‍ പ്രാര്‍ത്ഥിക്കുന്നത്. അങ്ങനെയെങ്കില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടാം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ എത്തിചേരുകയും ചെയ്യാം.
https://www.facebook.com/Malayalivartha