ബൈക്കില്‍ ഒമ്നി വാനിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു
ആറ്റിങ്ങല്‍ ആലങ്കോടിന് സമീപം ചാത്തമ്പറയില്‍ ബൈക്കില്‍ ഒമ്നി വാനിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. വട്ടപ്പാറ കല്ലയം ശ്രീദീപത്തില്‍ വാടകയ്ക്ക് താമസിക്കുന്ന നാലാഞ്ചിറ പാറോട്ടുകോണം നെല്ലിവിളവീട്ടില്‍ ഷിബു (29) , മാര്‍ത്താണ്ഡം സ്വദേശി സതീഷ് (30) എന്നിവരാണ് ഇന്ന് രാവിലെ ആറു മണിയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്.
ലിഫ്റ്റ് ടെക്നീഷ്യന്മാരായ ഇവര്‍ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തിയശേഷം തിരുവനന്തപുരത്തേക്ക് വരവേയാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ എതിരെ വന്ന ഒമ്നി വാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചു വീണ ഇരുവരുടേയും തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റിരുന്നു. സതീഷ് സംഭവസ്ഥലത്തും ഷിബു ആശുപത്രിയിലേക്ക് വരുന്ന വഴിക്കുമാണ് മരണമടഞ്ഞത്. ഇരുവരും അവിവാഹിതരാണ്. ശശി സീതാകുമാരി ദമ്പതികളുടെ മകനാണ് ഷിബു. ദീപു, സാബു എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ തുടര്‍ നടപടികള്‍ക്കായി മാറ്റി.
അപകടത്തിനുശേഷം നിര്‍ത്താതെ പോയ ഒമ്നി വാനിനെക്കുറിച്ച് ആറ്റിങ്ങല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha