ഹാദിയ കേസിനെ കുറിച്ചുള്ള അന്വേഷണം സുപ്രീം കോടതി എന്‍.ഐ.എയ്ക്ക് കൈമാറി, മുന്‍ ജസ്റ്റിസ് ആര്.വി.രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും കേസിന്റെ അന്വേഷണം
വിവാദമായ ഹാദിയ കേസിനെ കുറിച്ചുള്ള അന്വേഷണം സുപ്രീം കോടതി എന്‍.ഐ.എയ്ക്ക് കൈമാറി. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ആര്.വി.രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും കേസിന്റെ അന്വേഷണം നടക്കുകയെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അന്വേഷണ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) ഉടന്‍ നല്‍കണമെന്നും കേരള പൊലീസിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
കേസ് എന്‍.ഐ.എയ്ക്ക് കൈമാറുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തില്ല. കേസ് എന്‍.ഐ.എ അന്വേഷിക്കുന്നത് സംബന്ധിച്ച് ഹാദിയയുടെ അഭിപ്രായം കോടതി തേടി. ഇതിനു ശേഷമായിരിക്കും അന്തിമ തീരുമാനം സുപ്രീം കോടതി കൈക്കൊള്ളുക. ഇതിനായി ഹാദിയയെ നേരില്‍ക്കണ്ട് വിവരങ്ങള്‍ തേടാനും കോടതി എന്‍.ഐ.എയോട് നിര്‍ദ്ദേശിച്ചു.
ഹാദിയയെ വിവാഹം കഴിച്ച ഷെഫിന് എന്ന യുവാവിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയ്ക്കും തീവ്രവാദ ബന്ധമുണ്ടെന്നും ഹാദിയയുടെ പിതാവ് കോടതിയില്‍ ഉന്നയിച്ചിരുന്നു. മേയ് 24 നാണ് ഹാദിയയും ഷെഫിനും തമ്മിലുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. ഹിന്ദുവായിരുന്ന അഖില മതം മാറി ഹാദിയ എന്ന് പേരു സ്വീകരിക്കുകയും ഷെഫിനെ വിവാഹം കഴിക്കുകയുമായിരുന്നു.
എന്നാല്‍ മാതാപിതാക്കളുടെ അനുവാദമില്ലാത്ത വിവാഹം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിവാഹം അസാധുവാക്കുകയായിരുന്നു. മകളെ നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്ന് ആരോപിച്ച് പിതാവ് അശോകന് നല്കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി വിവാഹം റദ്ദാക്കിയത്. ഷഫിന്‍ ജഹാന് ഐസിസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുമായി ബന്ധം ഉണ്ടെന്ന് പിതാവിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha