ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും സംസ്ഥാന മുന്‍ അഡ്വക്കേറ്റ് ജനറലുമായി എം.കെ.ദാമോദരന്‍ അന്തരിച്ചു
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും സംസ്ഥാന മുന്‍ അഡ്വക്കേറ്റ് ജനറലുമായി എം.കെ.ദാമോദരന്‍ അന്തരിച്ചു. 70 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1996ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ദാമോദരന്‍ അഡ്വക്കേറ്റ് ജനറലായിരുന്നത്. ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വേണ്ടി കോടതിയില്‍ ഹാജരായത് ദാമോദരനായിരുന്നു. പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2016 ജൂണില്‍ ദാമോദരനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചെങ്കിലും വിവാദങ്ങളെ തുടര്‍ന്ന് അദ്ദേഹം സ്ഥാനമേറ്റെടുത്തിരുന്നില്ല.
1963ല്‍ എറണാകുളം ഗവ. ലാ കോളേജില്‍ നിന്നു നിയമബിരുദം നേടിയ ദാമോദരന്‍ 1964 ല്‍ പ്രാക്ടീസ് ആരംഭിച്ചു. അഡ്വക്കേറ്റ് ജനറല്‍ ആയിരിക്കെ വിവാദം സൃഷ്ടിച്ച ഐസ്ക്രീം പാര്‍ലര്‍ കേസ്, സൂര്യനെല്ലി കേസ് എന്നിവയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായി. 1964മുതല്‍ 1977 വരെ തലശേരിയില്‍ ക്രിമിനല്‍, സിവില്‍ കേസുകള്‍ കൈകാര്യം ചെയ്തു. 1976 78ല്‍ അടിയന്തരാവസ്ഥക്കാലത്ത് എട്ട് മാസം ജയില്‍വാസം അനുഭവിച്ചു. 1979 മുതല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. സി.പി.എം അംഗമല്ലാത്ത ദാമോദരന്‍ ആദ്യകാലത്ത് സി.പി.ഐയുമായിട്ടായിരുന്നു ബന്ധം. 1956 ല്‍ എ.ഐ.എസ്.എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു.
https://www.facebook.com/Malayalivartha