ശമ്പളം, പെന്ഷന്, ബോണസ് ഉടന്‍; ഇക്കുറി ഖജനാവില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത് 12,000 കോടി രൂപ
ഓണം പൊടിപൊടിക്കാന്‍ ഇക്കുറി ഖജനാവില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത് 12,000 കോടി രൂപ. ശമ്പളം, പെന്ഷന്, ക്ഷേമ പെന്ഷന്, ബോണസ്, സാമൂഹിക സുരക്ഷാ പെന്ഷന് തുടങ്ങിയവ കൈപ്പറ്റുന്ന 60 ലക്ഷത്തോളം പേര്‍ക്ക് ഓണത്തിനു രണ്ടാഴ്ച മുന്‍പുതന്നെ പണം ലഭിച്ചു തുടങ്ങും.
സെപ്റ്റംബര്‍ ഒന്നിനു കിട്ടേണ്ട തുക സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 25 മുതല്‍ 29 വരെ മുന്‍കൂറായി കൈമാറും. ഒപ്പം ബോണസും ഉല്‍സവ ബത്തയും. അഞ്ചിനം സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനുമായി 3700 കോടി ധനവകുപ്പു ട്രഷറിക്കു കൈമാറിക്കഴിഞ്ഞു. തിരിച്ചറിയല്‍ രേഖ ഹാജരാക്കിയിട്ടില്ലാത്തവരെ മാത്രം ഒഴിവാക്കി ബാക്കി 55 ലക്ഷം പേര്‍ക്കാണു പെന്ഷന് നല്‍കുക.
കഴിഞ്ഞ ഓണത്തിനു പെന്ഷന് ലഭിക്കാത്തവര്‍ക്കായി നല്കാന് 594 കോടി അധികം നല്‍കും. പുതുതായി 64,000 പേര് പെന്ഷന് യോഗ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 1.95 ലക്ഷം പേര്‍ക്കു കര്‍ഷക പെന്‍ഷനായി 241 കോടിയും അനുവദിച്ചു.
സഹകരണ ബാങ്കുകള്‍ വഴി പെന്ഷന് വാങ്ങുന്നവര്‍ക്ക് ഇന്നും നാളെയുമായി പണം വീട്ടിലെത്തിക്കാനാണു നിര്‍ദേശം. മറ്റുള്ളവര്‍ക്കു ബാങ്കില്‍ പണമെത്തും. ഒരാള്‍ക്ക് 4400 രൂപ മുതല്‍ 15,000 രൂപ വരെയാണു ലഭിക്കുക. പുറമെ, ആശാ വര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരുമടക്കമുള്ള വിഭാഗങ്ങള്‍ക്കും പൂട്ടിപ്പോയ കശുവണ്ടി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും 1000 രൂപ മുതല്‍ 2000 രൂപ വരെയാണ് ഉല്‍സവ ബത്ത.
ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് 5000 രൂപ ഓണസമ്മാനം. ഇതെല്ലാം കൂടി 12,000 കോടി രൂപ ഓണക്കാലത്തു വിതരണം ചെയ്യുന്നതു റെക്കോര്‍ഡാണ്. കടമെടുത്ത 9,000 കോടി രൂപയും ഇന്ധന, മോട്ടോര്‍ വാഹന നികുതികളില്‍നിന്നുള്ള വരുമാനവും കൊണ്ടാണു വിതരണം പൂര്‍ത്തിയാക്കുന്നത്.
https://www.facebook.com/Malayalivartha