ബ്ലൂ വെയില് ഭീഷണി നിഷേധിച്ച് ഐ.ജി മനോജ് എബ്രഹാം
കണ്ണൂരിലും തിരുവനന്തപുരത്തുമടക്കം വിദ്യാര്‍ത്ഥികളുടെ മരണത്തിനു പിന്നില്‍ കൊലയാളി ഗെയിമായ ബ്ലൂ വെയിലാണെന്ന് ആരോപണമുയര്‍ന്നിരിക്കെ, ഇത് നിഷേധിച്ച് സൈബര്‍ഡോമിന്റെ ചുമതലയുള്ള ഐ.ജി: മനോജ് എബ്രഹാം രംഗത്തെത്തി.
സംസ്ഥാനത്ത് ഒരിടത്തും ബ്ലൂ വെയില് ഗെയിം കളിക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. 15 ദിവസമായി മുഴുവന്‍ ഇന്റര്‍നെറ്റ് ഉപയോഗവും സൈബര്‍ഡോം നിരീക്ഷിക്കുകയാണ്. ആത്മഹത്യകള്‍ക്ക് പിന്നില്‍ വിഷാദരോഗമോ ആത്മഹത്യാപ്രവണതയോ ആകാം. മരിച്ചവരെല്ലാം ആറ് മാസത്തിലേറെയായി വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മനോജ് എബ്രഹാം പറഞ്ഞു.
ഇന്റര്‍നെറ്റിലൂടെയോ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയോ വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും മാത്രമായി ഒരു ഗെയിം പ്രചരിപ്പിക്കാന്‍ സാദ്ധ്യമല്ല. മൊബൈല്‍ ഉപയോഗിക്കുന്നവരുടെ പ്രായംനോക്കി ഗെയിം വ്യാപിപ്പിക്കാനുമാവില്ല. കുട്ടികള്‍ക്ക് മാത്രമായി ഇന്റര്‍നെറ്റിലൂടെ ബ്ലൂ വെയില് എങ്ങനെ കിട്ടാനാണ്. ഇന്റര്‍നെറ്റില്‍ ബ്ലൂ വെയില് ഗെയിം ലഭ്യമാണെങ്കില്‍ അത് എല്ലാവര്ക്കും കിട്ടേണ്ടതാണ്. സൈബര്ഡോമിന്റെയോ സൈബര്‍ പൊലീസിന്റെയോ പരിശോധനയില്‍ ബ്ളൂ വെയിലിന്റെ സാന്നിദ്ധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.
മുംബയില്‍ ബ്ലൂവെയില്‍ സാധ്വീനം കൊണ്ട് കോളേജ് വിദ്യാര്‍ത്ഥി ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിമരിച്ചെന്ന് കേസുണ്ടായി. പ്രണയനൈരാശ്യമാണെന്ന് ആത്മഹത്യയ്ക്ക് പിന്നിലെന്ന് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
ലോകത്താകെ ബ്ലൂവെയില്‍ ഗെയിം കാരണം 17 ആത്മഹത്യകളാണുണ്ടായത്. ഗെയിമിന്റെ അഡ്മിനിസ്ട്രേറ്ററായിരുന്നയാളെ റഷ്യയില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ മറ്റ് അഡ്മിനിസ്ട്രേറ്റര്മാരില്ലെന്നാണ് വിവരം. റഷ്യന്‍ സോഷ്യല്‍ മീഡിയ വെബ്സൈറ്റുകളിലൂടെയും ചാറ്റ് റൂമുകളിലൂടെയുമാണ് ബ്ലൂ വെയില് വ്യാപിക്കുന്നത്. കേരളത്തില്‍ നിന്ന് ആരും ഈ ചാറ്റ് റൂമുകളില്‍ കയറിയതായി സൈബര്‍ഡോമിന്റെ പരിശോധനയില്‍ കണ്ടെത്താനിയിട്ടില്ല. ആത്മഹത്യ ചെയ്തവരുടെ മൊബൈലിലെ ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ബ്ലൂ വെയില് എന്ന് സംശയിക്കുന്ന ഫയലുകളൊന്നും മൊബൈലില്‍ ഇല്ല. മരിച്ചവരുടെ ശരീരത്തില്‍ സംശയകരമായ മുറിവുകളുമില്ല. എന്നാല്‍, പ്ലേ സ്റ്റോറില്‍ പ്രചരിക്കുന്ന ബ്ലൂ വെയിലിന് എതിരായ ഗെയിമുകള്‍ അപകടകാരികളല്ല. ബ്ലൂ വെയിലില്‍ ശരീരത്ത് മുറിവേല്‍പ്പിക്കാനും ആത്മഹത്യ ചെയ്യാനും നിര്‍ദ്ദേശിക്കുമ്പോള്‍ എങ്ങനെ പ്രതിരോധിക്കണമെന്നാണ് 50 ദിവസം ദൈര്‍ഘ്യമുള്ള ഈ ഗെയിമുകളിലുള്ളതെന്നും മനോജ് എബ്രഹാം പറഞ്ഞു.
https://www.facebook.com/Malayalivartha