സോളാര്‍: ആഭ്യന്തര സെക്രട്ടറി തയ്യാറാക്കിയ കരട് അന്വേഷണ ഉത്തരവ് ഫ്രീസറിലായതെങ്ങനെ?
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തുടരന്വേഷണം മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചെങ്കിലും ഉത്തരവിറങ്ങാഞ്ഞത് ചീഫ് സെക്രട്ടറിയുടെ എതിര്‍പ്പ് മൂലം. സര്‍ക്കാരിന് വേണ്ടി പരാതിക്കാരനായി കോടതിയെ സമീപിക്കേണ്ടത് ചീഫ് സെക്രട്ടറിയാണ്. എന്നാല്‍ സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പരാതിക്കാരനാകാന്‍ താനില്ലെന്ന നിലപാടില്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ഉറച്ച് നിന്നു. പ്രതിഭാഗം കോടതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. ഇതോടെ ആഭ്യന്തര സെക്രട്ടറി തയ്യാറാക്കിയ കരട് അന്വേഷണ ഉത്തരവ് ഫ്രീസറിലായി.
ചീഫ് സെക്രട്ടറിയുടെ നിലപാടിനെ തുടര്‍ന്ന് ഉത്തരവ് ഇറക്കുന്നതിന് സര്‍ക്കാര്‍ വീണ്ടും അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം തേടി. കൂത്തുപറമ്പ് വെടിവെയ്പ് അന്വേഷിച്ച 1995ലെ ജസ്റ്റിസ് കെ.പത്മനാഭന്നായര് കമ്മിഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം എം.വി.രാഘവന് അടക്കമുള്ളവര്‍ക്കെതിരേ കേസെടുത്ത നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സമാനമായ സാഹചര്യമാണ് സേളാര്‍ വിഷയത്തിലുള്ളതെന്നായിരുന്നു ഇരുവരും നല്കിയ നിയമോപദേശം. തുടര്‍ന്നാണ് സുപ്രീംകോടതി ജഡ്ജിയായിരുന്ന അരിജിത് പസായത്തില്‍ നിന്നും നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ചീഫ് സെക്രട്ടറിയുടെ തീരുമാനത്തോടെ സി.പി.എമ്മിന്റെ പല രാഷ്ട്രീയ തന്ത്രങ്ങളും കൊഴിഞ്ഞുവീണു. സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നത് വൈകിപ്പിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. ഇതോടെ വിഷം ചാനനുകളിലും പത്രങ്ങളിലും സജീവമായി നില്ക്കും. സര്‍ക്കാരിന്റെ പല കോട്ടങ്ങളും ഇതിലങ്ങ് മുങ്ങിപ്പോകുമെന്നായിരുന്നു കരുതിയിരുന്നത്. മറ്റൊന്ന് അന്വേഷണം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലം വരെ നീട്ടിക്കൊണ്ട് പോയി യു.ഡി.എഫ് നേതാക്കളെ നാറ്റിക്കുക. അതിലൂടെ കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റുകളില്‍ ഭൂരിഭാഗവും സ്വന്തമാക്കുക. എന്ത് ചെയ്യാം നാടോടിക്കാറ്റില്‍ തിലകന് പറഞ്ഞപോലെ പവനായി ശവമായി!
https://www.facebook.com/Malayalivartha