എല്‍.ഡി.എഫില്‍ അടിതുടരില്ല; മുന്നണിക്കും സര്‍ക്കാരിനും ദോഷം ചെയ്യും, യു.ഡി.എഫിന് ആശ്വാസമാകുമെന്ന് വിലയിരുത്തല്‍
തോമസ് ചാണ്ടിയുടെ രാജിയും അതിന് മുമ്പും ശേഷവും ഉണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് സര്‍ക്കാരിനും ഇടത് മുന്നണിക്കും ഉണ്ടായ നാണക്കേടും പരിഹരിക്കാന്‍ സി.പി.എമ്മും സി.പി.ഐയും ശ്രമം തുടങ്ങി. കൊച്ചിയില്‍ വെള്ളിയാഴ്ച രാവിലെ സി.പി.എം സെക്രട്ടറിയേറ്റ് യോഗം തുടങ്ങി. ഇരുപാര്‍ട്ടികളുടെയും മുഖപത്രങ്ങളില്‍ നിലപാട് മയപ്പെടുത്തിയുള്ള എഡിറ്റോറിയലുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരസ്പ്പരം വിമര്‍ശിക്കുന്നുണ്ടെങ്കിലും മുന്നണിയില്‍ വിള്ളലുണ്ടാക്കേണ്ടെന്നും സോളാറില്‍ നാണംകെട്ടിരിക്കുന്ന യു.ഡി.എഫിന് ഉയരാനുള്ള അവസരം നല്‍കരുതെന്നുമാണ് സി.പി.എം വിലയിരുത്തുന്നത്. അതേസമയം മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സി.പി.എം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം അടുത്ത മുന്നണിയോഗത്തില്‍ ഉന്നയിക്കും.
പാര്‍ട്ടികള്‍ തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം മുമ്പും ഉണ്ടായിട്ടുണ്ടെന്നും അതൊന്നും മുന്നണിയുടെ കെട്ടുറപ്പിനെയോ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയോ ബാധിക്കില്ലെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കോടിയേരിയുടെ വാര്‍ത്താസമ്മേളനത്തില്‍ സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചെങ്കിലും ഏറ്റുമുട്ടലിന്റെ പാതയിലേക്ക് പോകേണ്ട സ്ഥിതിയില്ലെന്ന വ്യക്തമായ സൂചനയും നല്‍കിയിരുന്നു. മാത്രമല്ല മുഖ്യമന്ത്രി ഇതുവരെ സി.പി.ഐക്കെതിരെ പരസ്യനിലപാട് സ്വീകരിച്ചിട്ടില്ല. പാര്‍ട്ടി നിലപാട് മുന്നണിയെ ശക്തിപ്പെടുത്താനാണെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ടില്‍ എ.ജി നിയമോപദേശം നല്‍കിയിട്ടും അത് മുഖ്യമന്ത്രി റവന്യൂമന്ത്രിയെ കാണിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ചത്തെ ദേശാഭിമാനി മുഖപ്രസംഗത്തില്‍ സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനം നടത്തുന്നുണ്ടെങ്കിലും അഭിപ്രായഭിന്നത രൂക്ഷമാക്കേണ്ടെന്ന നിലപാടാണ് പാര്‍ട്ടി എടുത്തിരിക്കുന്നതെന്നും വ്യക്തമാണ്. ' മുന്നണിയുടെ ഐക്യവും കെട്ടുറപ്പും പ്രധാനമാണ്. അതിന് വിരുദ്ധമായ ചെറിയ നീക്കംപോലും എല്‍.ഡി.എഫിനെ അധികാരത്തിലേറ്റിയ ജനം പൊറുക്കുകയില്ല' എന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്. ജനയുഗത്തിന്റെ ഒന്നാം പേജില്‍ തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ച സംഭവവികാസങ്ങളില്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും നിലപാടുകള്‍ പ്രത്യേകം കൊടുത്തിട്ടുണ്ട്. അതില്‍ പ്രകാശ് ബാബുവിന്റെ പ്രസ്താവനവനയേക്കാള് പ്രാധാന്യം കോടിയേരിയുടെ പ്രസ്താവനയ്ക്ക് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha