പ്രതിയെ പിടിക്കാന്‍ പരക്കംപാഞ്ഞ പോലീസ് അഞ്ചുവയസുകാരന്റെ കൈ ചവിട്ടിയൊടിച്ചു; സംഭവം കണ്ണൂരിൽ
സി.പി.എം.-ബി.ജെ.പി. സംഘര്‍ഷത്തെത്തുടര്‍ന്നുള്ള കേസിലെ പ്രതികളെ തേടി പരക്കംപാഞ്ഞ പോലീസ് അഞ്ചുവയസുകാരന്റെ കൈ ചവിട്ടിയൊടിച്ചു. പാനൂര്‍ വേലിക്കലിലെ പാലക്കണ്ടി ബാബുവിന്റെ മകന് ശിവതേജിന്റെ കൈയാണ് പോലീസിന്റെ പരാക്രമത്തില്‍ ഒടിഞ്ഞത്. ശിവതേജും കൂട്ടുകാരും കളിച്ചുകൊണ്ടിരിക്കേ അതിനിടയിലൂടെ പ്രതിയെപ്പിടിക്കാന്‍ ഓടിയ പോലീസ് കുട്ടിയെ തട്ടിവീഴ്ത്തി ബൂട്ടിട്ട കാലുകൊണ്ടു കൈയില്‍ ചവിട്ടുകയായിരുന്നു.
സാരമായി പരുക്കേറ്റ ശിവതേജിനെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവതേജിന് ഇപ്പോഴും ഒന്നും മനസിലായിട്ടില്ല. കളിച്ചുകൊണ്ടിരുന്ന തന്നെ എന്തിനാണു പോലീസ് മാമന്മാര് തള്ളിയിട്ടു കൈയൊടിച്ചതെന്ന മകന്റെ ചോദ്യത്തിന് അമ്മ ശ്രീജയ്ക്കും മറുപടിയില്ല. കുട്ടിയെ ചവിട്ടിവീഴ്ത്തിയിട്ടില്ലെന്നാണ് പാനൂര്‍ പോലീസിന്റെ നിലപാട്. എന്നാല്‍ പ്രതിയെ പിടികൂടാനുള്ള ഓട്ടത്തിനിടിയില്‍ ഇത്തരത്തിലൊരു സംഭവം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നു പോലീസ് അറിയിച്ചു.
കുറച്ചു ദിവസങ്ങളിലായി പാനൂര്‍ മേഖലയില്‍ സി.പി.എം -ബി.ജെ.പി സംഘര്‍ഷം തുടരുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള റെയ്ഡ് കുറച്ചുദിവസങ്ങളായി നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. പോലീസിനെതിരേ കോടതിയെ സമീപിക്കാനാണ് പിതാവ് ബാബുവിന്റെ തീരുമാനം. ബാലാവകാശ കമ്മീഷന്,ചൈല്‍ഡ് ലൈന്‍ എന്നിവിടങ്ങളില്‍ പരാതി അറിയിച്ചിട്ടുണ്ട്. പോലീസ് കംപ്ലെയിറ്റ് അതോറിറ്റിക്കും പരാതി നല്‍കും. മനുഷ്യത്വ രഹിതമായ പോലീസ് നീക്കത്തിനെതിരെ മനുഷ്യാവാകാശ പ്രവര്‍ത്തകരും രംഗത്തു വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha