അമലാപോള്‍ ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെച്ചാണ് മുന്‍കൂര്‍ ജാമ്യം നേടിയത്, അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം
പോണ്ടിച്ചേരി വാഹനരജിസ്ട്രേഷന് തട്ടിപ്പ് കേസില്‍ തെന്നിന്ത്യന്‍ നടി അമലാപോളിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. സമാനമായ കേസില്‍ സുരേഷ് ഗോപി എം.പിക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിച്ചതോടെയാണ് അമലാപോളിനെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടക്കത്തില്‍ അന്വേഷണ സംഘവുമായി സഹകരിക്കാന്‍ താരം തയ്യാറായില്ല. പോണ്ടിച്ചേരിയില്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ വാടക വീടുകളിലാണ് താമസിക്കുന്നതെന്നും അവിടുത്തെ വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്നുമായിരുന്നു വിശദീകരണം.
എന്നാല്‍ അന്വേഷണം ശക്തമായതോടെ താരം മുന്‍കൂര്‍ ജാമ്യം തേടി താരം ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായിരുന്നു. കുറ്റസമ്മതം നടത്തിയില്ലെന്ന് മാത്രമല്ല, നികുതി വെട്ടിപ്പിന് കൂട്ട് നിന്നില്ലെന്ന് താരം ആവര്‍ത്തിക്കുകയും ചെയ്തു. അമല നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പോണ്ടിച്ചേരിയിലും ചെന്നൈയിലും ഉപയോഗിക്കുന്നെന്ന് പറയുന്ന ബി.എം.ഡബ്ല്യൂ അമലയുടെ കൊച്ചി ഇടപ്പള്ളിയിലെ വസതിയില്‍ കണ്ടെത്തിയിരുന്നു.
സുരേഷ് ഗോപിയെയും അമലയെയും ഒരേ ദിവസമാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. സുരേഷ് ഗോപി നല്കിയ രേഖകള്‍ ശരിയല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പോണ്ടിച്ചേരിയിലും പരിസരപ്രദേശങ്ങളിലും സുരേഷ് ഗോപിക്ക് ഭൂമിയില്ലെന്നും കണ്ടെത്തി. ഇതേ കേസില്‍ നടന് ഫഹദ്ഫാസില്‍ കുറ്റസമ്മതം നടത്തിയിരുന്നു. 17 ലക്ഷം പിഴയടച്ച ശേഷം ഒരു വാഹനം കേരള രജിസ്ട്രേഷനിലേക്ക് മാറ്റുകയും ചെയ്തു. രണ്ടാമത്തെ വാഹനം കേരള രജിസ്ട്രേഷനിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് താരം.
https://www.facebook.com/Malayalivartha