നെഹ്റു കോളേജിൽ വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം; കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ
നെഹ്റു ഗ്രൂപ്പിന്റെ ഒറ്റപ്പാലം ലക്കിടി കോളേജില്‍ വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം. എല്‍എല്‍ബി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അര്‍ഷദ് അഷറഫാണ് ക്ലാസ് മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കോളേജ് മാനേജ്മന്റിന്റെ പീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു മാസം മുമ്പ് ക്ലാസ് മുറിയില്‍ വച്ച് മദ്യപിച്ചെന്നാരോപിച്ച് അര്‍ഷാദടക്കം ചിലരെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാൽ താന്‍ നിരപരാധിയാണെന്നും വൈദ്യ പരിശോധന നടത്തണമെന്നും അർഷാദ് ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റ് തയാറായില്ല. സസ്പെന്ഷന് കഴിഞ്ഞ ക്ലാസ്സിലെത്തിയ അര്‍ഷാദ് ക്ലാസ്സിലിരുന്നാല്‍ പഠിപ്പിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞതിനെ തുടര്‍ന്ന് ക്ലാസ്സില്‍ വെച്ച് എലിവിഷം കഴിക്കുകയായിരുന്നു.
അതേസമയം, വിഷം കഴിച്ച അര്‍ഷാദിനെ ആശുപത്രിയിലെത്തിക്കാന്‍ പോലും കോളേജ് അധികൃതര്‍ തയ്യാറായില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പിന്നീട് കുട്ടികൾ തന്നെയാണ് അർഷാദിനെ ആശുപത്രിയിൽ എത്തിച്ചത്. ജിഷ്ണു പ്രണോയിയുടെ വേര്പാടിന് ഒരു വര്‍ഷത്തിനിപ്പുറമാണ് വീണ്ടും വിദ്യാര്‍ഥി പീഡനവുമായി മാനേജ്മെന്റ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധ സമരവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി.
https://www.facebook.com/Malayalivartha