രാജ്യത്തിനായി വീരമൃത്യു വരിച്ച സാമിന്റെ മരണവാര്‍ത്ത ഗര്‍ഭിണിയായ അനുവിനെ അറിയിക്കാതെ രണ്ടുനാള്‍, ഒടുവില്‍ ആ വാര്‍ത്ത കേട്ട്....
ജമ്മു കശ്മീരില്‍ ലാന്‍സ് നായിക് സാം ഏബ്രഹാം രാജ്യത്തിനായി വീരമൃത്യു വരിച്ചതു രണ്ടു ദിവസത്തിനു മുമ്പാണെങ്കിലും ഗര്‍ഭിണിയായ ഭാര്യ അനുവിനെ വിവരമറിയിച്ചത് ഇന്നലെയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണു പാക് സൈനികരുടെ വെടിയേറ്റു സാം വീണത്. അതിന് ഒരുമണിക്കൂര്‍ മുമ്പും ഭാര്യ അനുവിനെ ഫോണില്‍ വിളിച്ചിരുന്നു.
സാമിന്റെ മരണവിവരം എട്ടുമാസം ഗര്‍ഭിണിയായ അനുവിനെ അറിയിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും രണ്ടുനാള്‍ കാത്തിരുന്നു. സാമിന് അപകടമുണ്ടായെന്നും സാരമായ പരുക്കുണ്ടെന്നും മാത്രമാണു കൊല്ലം തേവലക്കരയിലായിരുന്ന അനുവിനെ അറിയിച്ചിരുന്നത്. പതിവായുള്ള പരിശോധനകള്‍ക്കായി ഇന്നലെ കായംകുളത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടറാണു ഭര്‍ത്താവിന്റെ വിയോഗവാര്‍ത്ത അറിയിച്ചത്.
തുടര്‍ന്നു മാവേലിക്കരയിലെ വീട്ടിലെത്തിയ അനു, അവിടെ തടിച്ചുകൂടിയവര്‍ക്കു കണ്ണീര്‍ക്കാഴ്ചയായി. പിറക്കാനിരിക്കുന്ന കുരുന്നിനെക്കാണാന് പ്രിയതമനില്ലെന്നറിഞ്ഞു തളര്‍ന്ന അനുവിനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമായില്ല. അനുവിന്റെ പ്രസവത്തോടനുബന്ധിച്ചു നാട്ടിലെത്താനുള്ള തയാറെടുപ്പിലായിരുന്നു സാം.
നവംബറില്‍ നാട്ടിലെത്തിയിരുന്നു. കഴിഞ്ഞ 11നായിരുന്നു സാമിന്റെയും അനുവിന്റെയും മൂന്നാം വിവാഹവാര്‍ഷികം. അടുത്ത നവംബറില്‍ വിരമിച്ചശേഷം കുടുംബത്തോടൊപ്പം കഴിയാമെന്ന സന്തോഷത്തിലിരിക്കെയാണ് നാട്ടിലേക്കു സാമിന്റെ അന്ത്യയാത്ര.
https://www.facebook.com/Malayalivartha