'ഏത് ചെകുത്താനെ കൂട്ടുപിടിച്ചും കോണ്‍ഗ്രസിനെ തോല്‍പ്പിക്കും' എന്ന ഇഎംഎസിന്റെ പഴയ സിദ്ധാന്തത്തിന്റെ ഹാങ്ങോവറിലാണ് കേരളത്തിലെ സി.പി.എമ്മുകാരെന്ന് വി.ടി ബെല്‍റാം
സി.പി.എമ്മിന്റെ പിന്തുണ കൊണ്ട് കോണ്‍ഗ്രസിന് പ്രത്യേകിച്ച് ഗുണമില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ത്രിപുരയില്‍ ആകെയുള്ള രണ്ട് സീറ്റുകളില്‍ സിപിഎമ്മിന് വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ദേശീയതലത്തില്‍ ആ രണ്ട് സീറ്റുകള്‍ക്ക് എത്ര പ്രാധാന്യമുണ്ടാകുമെന്ന് കണ്ടറിയേണ്ടിവരും. ബംഗാളില്‍ ജനങ്ങള്‍ വെറുത്ത സിപിഎമ്മിനേക്കാളും കോണ്‍ഗ്രസിന് നല്ലത് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഖ്യമാണ്. കോണ്‍ഗ്രസിന് എത്ര സീറ്റുകള്‍ കിട്ടുന്നു എന്നത് മാത്രമല്ല, മമത ബിജെപിക്കൊപ്പം പോകാതിരിക്കുന്നു എന്നുറപ്പ് വരുത്താനും അതാണ് നല്ലതെന്നും അദ്ദേഹം ഫെയിസ്ബുക്കില് കുറിച്ചു.
കേരളത്തിലാവട്ടെ, സിപിഎമ്മിന്റെ മുഖ്യശത്രു ഇപ്പോഴും എപ്പോഴും കോണ്‍ഗ്രസാണെന്ന് അവരുടെ സമീപനങ്ങളില്‍ നിന്ന് മനസ്സിലാവുന്നു. 'ഏത് ചെകുത്താനെ കൂട്ടുപിടിച്ചും കോണ്‍ഗ്രസിനെ തോല്‍പ്പിക്കും' എന്ന ഇഎംഎസിന്റെ പഴയ സിദ്ധാന്തത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സിപിഎമ്മും കേരളത്തിലെ നേതാക്കളും. അതുകൊണ്ട് കോണ്‍ഗ്രസ് ബന്ധത്തേക്കുറിച്ച് സിപിഎം ഇടക്കിടെ നടത്തിവരുന്ന ചര്‍ച്ചകളും കോലാഹലങ്ങളുമൊക്കെ തങ്ങളിവിടെ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാനും മറ്റ് എന്തില്‍ നിന്നൊക്കെയോ ജനശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയുമുള്ള അവരുടെ കൗശലം മാത്രമാവാനേ തരമുള്ളൂ. കോണ്‍ഗ്രസിനോട് കൂട്ടുചേരുന്നതിനേക്കുറിച്ച് സിപിഎമ്മിനകത്ത് നടക്കുന്ന അഭിപ്രായങ്ങളും അഭിപ്രായഭിന്നതകളുമൊക്കെ അവരുടെ മാത്രം കാര്യമാണെന്നും എം.എല്‍.എ പറയുന്നു.
പ്രാദേശിക പാര്‍ട്ടികള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്കി വിട്ടുവീഴ്ച ചെയ്യുന്ന കോണ്‍ഗ്രസിനെയാണ് ബീഹാറിലും യുപിയിലുമൊക്കെ നമുക്ക് കാണാനായത്. വിവിധ സാമൂഹ്യ വിഭാഗങ്ങളെ കോര്‍ത്തിണക്കിയ ഗുജറാത്ത് പരീക്ഷണവും ഈ നിലയിലുള്ള നീക്കമായിരുന്നു. അത്തരം പരീക്ഷണങ്ങള്‍ എല്ലായിടത്തും പൂര്‍ണ്ണവിജയമായിരുന്നു എന്ന് പറയാന്‍ കഴിയില്ല. അതതിടത്തെ പ്രാദേശിക നേതാക്കന്മാരുടെ എതിര്‍പ്പും ആദ്യഘട്ടങ്ങളില്‍ എല്ലായിടത്തും ഉണ്ടായിരുന്നു. എന്നാല്‍ ഇതുപോലൊരു ആസുരകാലത്ത് ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് സ്വീകരിക്കാന്‍ കഴിയുന്ന യുക്തിസഹമായ 'അടവുനയം' എന്താണെന്നതിനേക്കുറിച്ച് കൃത്യമായ ഒരു സമീപനം കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നുണ്ട്.
https://www.facebook.com/Malayalivartha