രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ കെ.കെ രാഗേഷ് എം.പി; മന്ത്രി എ.കെ ബാലന് പകരം പി.ജയരാജന് ഇടപെട്ടു, കോണ്‍ഗ്രസ് സമാധാന ചര്‍ച്ച ബഹിഷ്ക്കരിച്ചു
ഷുഹൈബ് വധത്തെ തുടര്‍ന്ന് കണ്ണൂരില്‍ ചേര്‍ന്ന സമാധാന യോഗത്തില്‍ കോണ്‍ഗ്രസ് വാക്കേറ്റം. തുടര്‍ന്ന് യോഗം ബഹിഷ്ക്കരിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ കെ.കെ രാഗേഷ് എം.പിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷും ഡയസിലില് ഇരുന്നതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. ഇക്കാര്യം ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി ചൂണ്ടിക്കാട്ടിയപ്പോള്‍ പി.ജയരാജന് മറുപടി പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.
കെ.കെ രാഗേഷ് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയായാണ് എത്തിയതെന്ന് ജയരാജന് പറഞ്ഞു. എങ്കില്‍ ഡയസില്‍ നിന്ന് മാറിയിരിക്കണമെന്ന് സതീശന് പാച്ചേനി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ കെ.സുരേന്ദ്രനും മുസ്്ലിംലീഗിലെ അബ്ദുറഹ്മനും ഇക്കാര്യം ആവശ്യപ്പെട്ടു. കെ.സി ജോസഫ്, സണ്ണിജോസഫ്, കെ.എം ഷാജി എന്നീ എം.എല്‍.എമാരെ പോലും ക്ഷണിക്കാതെ കെ.കെ രാഗേഷിനെയും സുമേഷിനെയും ക്ഷണിച്ചത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.കെ രാഗേഷ് എം.പിയായാണ് യോഗത്തിനെത്തിയത്, പ്രതിപക്ഷം സഹകരിക്കണമെന്ന് യോഗം വിളിച്ച മന്ത്രി എ.കെ ബാലന് അഭ്യര്‍ത്ഥിച്ചെങ്കിലും കോണ്‍ഗ്രസ് അംഗങ്ങള്‍ വഴങ്ങിയില്ല. യോഗം ബഹിഷ്ക്കരിക്കുകയാണെന്ന് സതീശന് പാച്ചേനി അറിയിച്ചു. പ്രതിപക്ഷത്തിന്റെ അസാനിധ്യത്തില്‍ യോഗം തുടരുകയാണ്. തന്റെ സാനിധ്യം ചര്‍ച്ചയ്ക്ക് തടസമാണെങ്കില്‍ മാറിനില്‍ക്കാമെന്ന് കെ.കെ രാഗേഷ് എം.പി അറിയിച്ചു. കെ.വി സുമേഷ് ഹാളില്‍ നിന്ന് പുറത്ത് പോയിരുന്നു. അപ്പോഴേക്കും കെ.സി ജോസഫും കെ.എം ഷാജിയും സണ്ണി ജോസഫും സ്ഥലത്തെത്തി മന്ത്രി എ.കെ ബാലനെ പ്രതിഷേധം അറിയിച്ചു.
https://www.facebook.com/Malayalivartha