തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ കടലാക്രമണം രൂക്ഷമാകും; മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സമുദ്രഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തിരമാല അഞ്ച് മുതല്‍ ഏഴ് അടിവരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. തീരത്ത് കടലാക്രമണവും ഉയര്‍ന്ന തിരമാലകളും ബുധനാഴ്ച രാത്രിവരെ തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഉയര്‍ന്ന തിരമാലകള്‍ അടിക്കാന്‍ സാധ്യതയുള്ളത്. മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന കര്‍ശന നിര്‍ദ്ദേശം ഫിഷറീസ് വകുപ്പ് വഴിയും അല്ലാതെയും നല്‍കിയിട്ടുണ്ട്. അഞ്ച് ജില്ലകളിലും കടല്‍ക്ഷോഭം രൂക്ഷമാകുമെന്നാണ് ശാസ്ത്രഞ്ജര്‍ വിലയിരുത്തുന്നത്.
കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ ആകും. തീരത്ത് താമസിക്കുന്നവരും മല്‍സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. തിരുവനന്തപുരം ശംഖുംമുഖം തീരത്ത് 48 മണിക്കൂര്‍ സഞ്ചാരികള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തി. കടലാക്രമണം ശക്തമായതിനെ തുടര്‍ന്ന് തീരവും അടുത്തുള്ള റോഡും ഭാഗികമായി തകര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കേരള തീരത്ത് ഒരാഴ്ചയായി കടലാക്രമണം രൂക്ഷമാണ്. തിരത്തള്ളല്‍ എന്ന് അറിയപ്പെടുന്ന പ്രതിഭാസമാണ് വന്‍തിരമാലകള്‍ക്കു കാരണമായതെന്ന് സമുദ്രഗവേഷകര്‍ പറയുന്നു.
https://www.facebook.com/Malayalivartha