ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആലോചന...
സംസ്ഥാനത്തെ സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന ജീവപര്യന്തം തടവുകാര്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാനുള്ള പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. കുടുംബത്തിലെ വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനാണിത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ജയില്‍ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാരിന് അനുകൂല നിലപാടാണെന്നാണ് ജയില്‍ വൃത്തങ്ങള്‍ പറയുന്നു.
പ്രത്യേക പദ്ധതി രൂപപ്പെടുത്തിയാകും തടവുകാര്‍ക്ക് വായ്പ ലഭ്യമാക്കുക. ജയിലില്‍ പണിയെടുക്കുന്ന തടവുകാര്‍ക്ക് നിലവില്‍ വേതനം നല്‍കുന്നുണ്ട്. ഇതുകൂടാതെയാണ് വായ്പാ പദ്ധതി. മാനദണ്ഡങ്ങള്‍ തയ്യാറാക്കിയ ശേഷമാകും നടപ്പാക്കുക. തെലങ്കാന ജയിലുകളില്‍ തടവുകാര്‍ക്ക് വായ്പാ സംവിധാനം നിലവിലുണ്ട്.
കഴിഞ്ഞ മേയില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ തെലങ്കാന ജയില്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിന് വകുപ്പ് നല്‍കിയത്. അതേസമയം, തടവുകാരുടെ വേതനത്തില്‍ 20 ശതമാനം വര്‍ദ്ധന വരുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അടിസ്ഥാന വേതനം 110 രൂപയില്‍ നിന്ന് 127 രൂപയാക്കി. തുറന്ന ജയിലില്‍ 170 രൂപയാണ് പുതുക്കിയ വേതനം. 148 രൂപയായിരുന്നു. തടവുകാരുടെ അധികജോലി ഉള്‍പ്പെടെയുള്ള വേതനം 146 നിന്ന് 168 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. തുറന്ന ജയിലില്‍ ഇത് 200 രൂപയില്‍ നിന്ന് 230 രൂപയാക്കി. വിദഗ്ദ്ധ തടവുകാരുടെ വേതനം 132 നിന്ന് 152 രൂപയാക്കി ഉയര്‍ത്തി. തൊഴില്‍ പരിശീലനം നേടുന്ന തടവുകാര്‍ക്കുള്ള ശമ്പളം 55 രൂപയില്‍ നിന്ന് 63 ആക്കി.
തുറന്ന ജയിലില്‍ വിദഗ്ദ്ധ, തൊഴില്‍ പരിശീലനം നേടുന്ന തടവുകാരില്ല. തയ്യല്‍, പ്രിന്റിംഗ്, മരപ്പണി, നെയ്ത്ത്, വെല്‍ഡിംഗ്, ഭക്ഷണ ഉത്പാദനം തുടങ്ങിയ ജോലികള്‍ ചെയ്യുന്നവരെയാണ് വിദഗ്ദ്ധ തടവുകാരായി പരിഗണിക്കുന്നത്. അധിക ജോലിയ്ക്കുള്ള വേതനത്തിന് ഇവര്‍ അര്‍ഹരാണ്. മറ്റുള്ള തടവുകാരും അധികജോലി ചെയ്താല്‍ കൂടുതല്‍ വേതനത്തിന് പരിഗണിക്കും. 2017-18 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് പ്രസംഗത്തില്‍ തടവുകാരുടെ അടിസ്ഥാന വേതനത്തില്‍ 20 ശതമാനം വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ 17ന് ആഭ്യന്തരവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
തടവുകാര്‍ക്ക് മൂന്ന് വിധത്തിലാണ് വേതനം നല്‍കുന്നത്. കാന്റീന്, കുടുംബം, മോചനം എന്നിങ്ങനെ. ആകെ വേതനത്തിന്റെ പകുതി കുടുംബത്തിന് വേണ്ടി മാറ്റിവയ്ക്കും. ഭക്ഷണ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കാന്റീന് പങ്ക്. ടെലിഫോണ്‍ വിളിക്കാന്‍ ഇതില്‍ നിന്നാണ് പണം അനുവദിക്കുക. ഒരുമാസം 800 രൂപ കാന്റീന് ഇനത്തില്‍ ചെലവാക്കാം. പരോളില്‍ പോകുമ്പോള്‍ കുടുംബ പങ്കില്‍ നിന്ന് പണം എടുക്കാം. ശിക്ഷ പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ മോചന പങ്കിന് പുറമെ കാന്റീന്, കുടുംബം എന്നിവയില്‍ തുക അവശേഷിക്കുന്നുണ്ടെങ്കില്‍ അത് കൈപ്പറ്റാം. എന്നാല്‍, മുന്‍കൂറായി വേതനം നല്‍കില്ല.
https://www.facebook.com/Malayalivartha