സെന്‍കുമാര്‍ ഡി.ജി.പിയായിരുന്ന കാലത്ത് ദാസ്യപ്പണിയെ കുറിച്ചും ഉദ്യോഗസ്ഥരുടെ കൂടെ കറങ്ങിനടക്കുന്ന പൊലീസുകാരെ കുറിച്ചും റിപ്പോര്‍ട്ട് വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു, ബഹ്റയുടെ കാലത്ത് കിട്ടിയ ആ റിപ്പോര്‍ട്ടുകള്‍ അപ്രത്യക്ഷമായി
പൊലീസിലെ ദാസ്യപ്പണിക്കെതിരെ പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായിരുന്ന ടോമിന് ജെ. തച്ചങ്കരിയും എ.ഐ.ജിയായിരുന്ന രാഹുല്‍ ആര്. നായരും ഡി.ജി.പി ലോക്നാഥ് ബഹ്റയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയില്ല. റിപ്പോര്‍ട്ടുകള്‍ ആരാണ് മുക്കിയതെന്ന് ഇന്നും വ്യക്തമല്ല. ഡി.ജി.പിയും സര്‍്ക്കാരും തമ്മിലുള്ള നല്ല ബന്ധത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താത്തതെന്ന് അറിയുന്നു.
ഡ്യൂട്ടിയെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ചില പൊലീസുകാര്‍ കറങ്ങിനടക്കുന്നുണ്ട്. അവരുടെയും ഐ.പി.എശുകാരുടെ വീടുകളില്‍ പണി യടുക്കുന്നവരുടെയും വിവരം അന്വേഷിക്കാനാണ് മുഖ്യമന്ത്രി ടോമിന് 2017ലല് ചുമതലപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് ഡി.ജി.പിയായിരുന്ന സെന്‍കുമാറിന്റെ ഗണ്മാന് അനില്‍കുമാറിനെ പൊലീസ് ആസ്ഥാനത്തുനിന്ന് മാറ്റിയത്. സെന്‍കുമാറിനെ കൂടാതെ, പ്രത്യേക ഉത്തരവില്ലാതെ പൊലീസുകാരെ അനധികൃതമായി കൊണ്ടുനടക്കുന്ന 60 ഓളം ഐ.പി.എസുകാരുടെ ലിസ്റ്റും തച്ചങ്കരി നല്കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ സെന്‍കുമാറിന്റെ ഗണ്‍മാനെതിരെ മാത്രം നടപടിയെടുത്തത് അന്ന് സര്‍ക്കാരും ഡി.ജി.പിയും തമ്മില്‍ നിലനിന്നിരുന്ന ശീതസമരത്തിന്റെ ഭാഗമായാണ്.
വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്ത് 90ലധികം പൊലീസുകാര്‍ അദര്‍ ഡ്യൂട്ടിയുടെ പേരില്‍ കറങ്ങിനടക്കുന്നുണ്ടെന്ന് രാഹുല്‍ ആര്. നായരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രണ്ട് റിപ്പോര്‍ട്ടുകളും ഉന്നതരായ ചില ഐ.പി.എസ് ഉദ്യോഗസ്ഥന് ഇടപെട്ട് ഒതുക്കുകയായിരുന്നു. സെന്‍കുമാര്‍ മാറി ബഹ്റ വന്ന ശേഷം ഐ.പി.എസുകാരുടെ വീടുകളില്‍ ഉത്തരവില്ലാതെ പണിയെടുക്കുന്നവരെ എത്രയും വേഗം പൊലീസ് സ്റ്റേഷനുകളില്‍ നിയോഗിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന സുബ്രതോ ബിശ്വാസ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒന്നും നടന്നില്ല. 54,243 പൊലീസുകാരില്‍ ആറായിരത്തോളം പേര്‍ക്ക് സേനയുമായി ബന്ധമില്ലാത്ത മറ്റ് ജോലികളാണ് ചെയ്യുന്നത്.
രാഷ്ട്രീയസ്വാധീനവും മറ്റും ഉപയോഗിച്ച് മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും പേഴ്സനല്‍ സെക്യൂരിറ്റി ഓഫിസറും (പി.എസ്.ഒ) ഗണ്‍മാന്‍മാരുമായി ജോലിനോക്കുന്നുണ്ട്്. ഇത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. പല മന്ത്രിമാരും രാഷട്രീയക്കാരും അടുപ്പക്കാരെമാത്രമേ കൂടെ നിര്‍ത്തൂ. അത് ഇത്തരക്കാര്‍ക്ക് വലിയ നേട്ടമാണ്. സ്പെഷല്‍ യൂനിറ്റുകളില്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരെ മൂന്നുവര്‍ഷം കൂടുമ്പോള്‍ മാതൃസേനയിലേക്ക് മടക്കിവിളിക്കണമെന്നാണ് ചട്ടം. അതൊന്നും പലപ്പോഴും പാലിക്കാറില്ല.
https://www.facebook.com/Malayalivartha