കെവിന്റെ ഓര്‍മ്മകള്‍ ഉള്ളിലൊതുക്കി നീനു കോളേജില്‍ പോയി തുടങ്ങിയതോടെ നീനുവിന്റെ അച്ഛന് വീണ്ടും കളി തുടങ്ങി; മകള്‍ മാനസിക രോഗിയാണെന്ന രേഖകള്‍ കാണിക്കാമെന്ന് ചാക്കോ; ചികിത്സ നടത്തിയത് അനന്തപുരിയില്‍; നീനുവിനെ കെവിന്റെ വീട്ടില്‍ നിന്നും പുറത്തുചാടിക്കാനുള്ള തന്ത്രം വിജയിച്ചാല്‍
എല്ലാം മറക്കാന്‍ ശ്രമിച്ച് നീനു കോളേജില്‍ പോയി തുടങ്ങിയതാണ്. അപ്പോള്‍ നീനുവിനെ കെവിന്റെ വീട്ടില്‍ നിന്നും പുറത്ത് ചാടിക്കാനായി നീനുവിന്റെ പിതാവിന്റെ അവസാന വിദ്യ. പ്രണയത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന് വധക്കേസില്‍ നീനുവിന് മാനസിക രോഗമുണ്ടെന്നും തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തില്‍ അവര്‍ ചികിത്സയിലായിരുന്നെന്നും ഇപ്പോള്‍ അത് മുടങ്ങിയിരിക്കുകയാണെന്നും ആവര്‍ത്തിച്ച് പിതാവ് ചാക്കോ. നീനുവിന്റെ രോഗവിവരം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാമെന്നും അതിനായി വീടു തുറക്കാന്‍ അനുവദിക്കണമെന്നുമുള്ള ചാക്കോയുടെ ഹര്‍ജി കോടതി അംഗീകരിച്ചു.
നീനുവിനും അമ്മ രഹ്നയ്ക്കും മാനസിക രോഗമുണ്ടെന്നും ഇരുവരും ചികിത്സയില്‍ ആയിരുന്നെന്നുമാണ് ചാക്കോയുടെ വാദം. ഇപ്പോള്‍ കെവിന്റെ വാടകവീട്ടില്‍ താമസിക്കുന്ന നീനുവിന്റെ ചികിത്സ മുടങ്ങിയിരിക്കുകയാണെന്നും പിതാവ് ചാക്കോ പറയുന്നു. തുടര്‍ചികിത്സയ്ക്കായി നീനുവിനെ കെവിന്റെ വീട്ടില്‍ നിന്നും മാറ്റി പാര്‍പ്പിക്കേണ്ടതുണ്ട്. അതിന് കോടതി അനുവദിക്കണമെന്നും ഇക്കാര്യം തെളിയിക്കുന്നതിനുള്ള രേഖകള്‍ പുനലൂരിലെ വീട്ടിലുണ്ടെന്നുമാണ് വാദം.
ഇക്കാരം അനുവദിച്ച കോടതി പോലീസിന്റെ സാന്നിദ്ധ്യത്തില്‍ പുനലൂരിലെ പൂട്ടിക്കിടക്കുന്ന വീട് തുറക്കാനും രേഖകള്‍ കണ്ടെത്താനും അനുവാദം നല്കി. കെവിന്റെ കൊലപാതകത്തിന് ശേഷം നീനുവിന്റെ വീട് പൂട്ടിക്കിടക്കുകയാണ്. നേരത്തേ ഈ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള രേഖകളൊന്നും കണ്ടെത്തിയിരുന്നില്ല. നീനു കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം കോട്ടയത്തെ വീട്ടിലാണ് കഴിയുന്നത്. പഠനം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തേ ചാക്കോയുടെ ആവശ്യത്തില്‍ പോലീസ് റിപ്പോര്‍ട്ട് തേടിയ ശേഷമാണ് ഏറ്റുമാനൂര്‍ കോടതി പുനലൂരിലെ വീട് തുറക്കാന്‍ അനുവദിച്ചത്. ഗുരുതരമായ ആരോപണങ്ങളാണ് ചാക്കോ നീനുവിനെതിരേ കോടതിയില്‍ ഉന്നയിച്ചത്. മാനസിക രോഗിയായ നീനുവിനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നതെന്നും ഇപ്പോള്‍ ചികിത്സ മുടങ്ങിയിരിക്കുകയാണെന്നും തുടര്‍ ചികിത്സയ്ക്കായി കെവിന്റെ വീട്ടില്‍ നിന്നും മാറ്റിത്താമസിപ്പിക്കണമെന്നും പറഞ്ഞു.
അതേസമയം തനിക്കു മാനസിക രോഗമാണെന്ന വാദം ആദ്യമേ നീനു തള്ളിയിരുന്നു. തനിക്ക് രോഗമൊന്നുമില്ലെന്നും ഒരു മാനസികാരോഗ്യ കേന്ദ്രത്തിലും കൊണ്ടുപോയിട്ടില്ലെന്നും നീനു പറഞ്ഞു. കേസില്‍ നിന്നും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടിയാണ് തന്നെ മാനസീകരോഗി ആക്കുന്നതെന്നും വീട്ടിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരിക്കല്‍ ഡോക്ടറെ കൗണ്‍സിലിംഗിന് കാണാന്‍ കൊണ്ടുപോയപ്പോള്‍ ചികിത്സ തനിക്കല്ല മാതാപിതാക്കള്‍ക്കാണ് നല്‍കേണ്ടതെന്ന് ഡോക്ടര്‍ പറഞ്ഞതായും നീനു വ്യക്തമാക്കി.
നേരത്തേ കെവിനൊപ്പം ഇറങ്ങിപ്പോയ നീനുവിനെ തിരിച്ചു കൊണ്ടു വരുന്നതിനായി പിതാവ് ചാക്കോയും സഹോദരന് ഷാനുവും നടത്തിയ പദ്ധതിയാണ് കെവിന്റെ മരണത്തില്‍ കലാശിച്ചത്. കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടു പോയതിന് പിന്നാലെയാണ് കെവിനെ തെന്മലയില് നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്. കെവിന്റെ മരണശേഷം സ്വന്തം വീട്ടിലേക്കില്ലെന്ന നിലപാട് എടുത്ത നീനു ഇപ്പോള്‍ കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. നീനുവിനെ തിരികെ പിടിക്കുന്നതിനായി അഴിക്കുള്ളിലിരുന്നും ചാക്കോ തന്ത്രം മെനയുകയാണെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha