രാത്രിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബിവറേജസ് ലോറി കണ്ടപ്പോള്‍ മുഴുക്കുടിയന് സന്തോഷം സഹിക്കാനായില്ല; വെള്ളം പോലും ഇല്ലാതെ അടിതുടങ്ങി അവസാനം ബോധവും പോയി
ആ മുഴുക്കുടിയനെ സംബന്ധിച്ച് ഇതിലും നല്ലൊരു അവസരം കിട്ടില്ല. രാത്രിയില്‍ രണ്ടെണ്ണം അടിച്ചിട്ട് നടന്നു നടക്കുമ്പോഴാണ് ബിവറേജിന് മുന്നില്‍ സ്റ്റോക്ക് ഇറക്കാന്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറി കണ്ണില്‍പ്പെട്ടത്. താവക്കര ബിവറേജ് ഗോഡൗണിന് മുന്നില്‍ കിടക്കുന്ന കെയ്സുകണക്കിന് മദ്യം കണ്ടപ്പോള്‍ വല്ലാതെ മോഹമുദിച്ചു. ആദ്യം കുറച്ച് നേരം അവിടൊക്കെ പതുങ്ങി നിന്നു. പിന്നീട് ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മൂടിക്കെട്ടിയ ടാര്‍പ്പായ കീറി ബ്രാണ്ടിക്കുപ്പി കൈക്കലാക്കി. പിന്നീട് അടിയോടടി ആയിരുന്നു.
ഞായറാഴ്ച രാത്രിയാണ് കണ്ണൂരിലാണ് സംഭവം നടന്നത്. എത്ര കുപ്പി അകത്താക്കി എന്നു പോലും ഓര്‍മ്മയുമില്ല. പാതിരാത്രിയായതിനാല്‍ വെള്ളം പോലും ചേര്‍ക്കാതെ അടിയോടടി. ഒടുവില്‍ ചത്തോ ജീവിനുണ്ടോ എന്നറിയാത്ത നിലയില്‍ രാവിലെയാണ് താവക്കരയിലെ ബിവറേജ് ഷോപ്പിലേക്കുള്ള വഴിയില്‍ ഒരാള്‍ ചലനമറ്റ് കിടക്കുന്നത് ജീവനക്കാരാണ് ആദ്യം കാണുന്നത്.
തലേദിവസത്തെ മഴയാകെ നനഞ്ഞ്, രാവിലത്തെ വെയിലില്‍ അല്പം ഉണങ്ങിയാണ് കിടപ്പ്. ജീവനുണ്ടോയെന്നുറപ്പിക്കാന്പോലും പറ്റാത്ത അവസ്ഥ. ഉടനെ പൊലീസിനെ വിളിച്ചു. ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ആളെ പൊക്കിയെടുത്ത് ജില്ലാ ആശുപത്രിയിലെത്തിച്ചു. ആള് മദ്യലഹരിയില്‍ ലക്കുപോയതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കെട്ടിറക്കാനുള്ള ചില്ലറ ചികിത്സ നല്കി ഉച്ചയ്ക്കുശേഷം പൊലീസിനുതന്നെ വിട്ടുനല്‍കി. തമിഴ്നാട് സ്വദേശിയാണ് താരം.
മുക്കിയും ഞരങ്ങിയും സംസാരിക്കുന്നതിനിടയില്‍ തലേന്ന് രാത്രി നടന്ന സംഭവം പൊലീസ് ഗ്രഹിച്ചെടുത്തു. ലോറിയില്‍നിന്ന് ബ്രാണ്ടിക്കുപ്പി കിട്ടിയതോടെ കാത്തിരിക്കാന്‍ മനസ്സനുവദിച്ചില്ല. അവിടെയിരുന്നുതന്നെ അടിച്ചുതുടങ്ങി. പാതിരാത്രി പിന്നിട്ടതിനാല്‍ ഒന്ന് മയപ്പെടുത്താന്‍ വെള്ളം പോലും കിട്ടിയില്ല. അങ്ങനെ അടിച്ചടിച്ച് റോഡില്‍ത്തന്നെ വീണു. ഒരു കുപ്പിയാണോ രണ്ട് കുപ്പിയാണോ അടിച്ചുതീര്ത്തതെന്ന് ഉറപ്പില്ല. മോഷണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha