തൃശൂര്‍- മലപ്പുറം റൂട്ടില്‍ കെ.എസ്.ആര്.ടി.സി ബസിന് യാത്രാ തടസം സൃഷ്ടിച്ച കാര്‍ ഡ്രൈവര്‍ക്കെതിരെ യാത്രക്കാരന് പൊലീസില്‍ പരാതി നല്കി, കെ.എസ്.ആര്.ടി.സി ഇപ്പോഴും ഉറക്കത്തില്‍
യാത്രയ്ക്ക് തടസം വരുത്തുന്ന രീതിയില്‍ കെ.എസ്.ആര്.ടിസി ബസ് കടന്ന് പോകാന്‍ അനുവദിക്കാഞ്ഞ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്. കെ.എല്‍ 46 എന്‍ 1234 എന്ന കാറിന്റെ ഡ്രൈവര്‍ക്കെതിരെ യാത്രക്കാരനായ ചങ്ങരംകുളം സ്വദേശി അനസ് ആണ് കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയത്. മലപ്പുറം കെ എസ് ആര് ടി സി യില്‍ തൃശൂരില്‍ നിന്നും എടപ്പാളിലേക്കുള്ള യാത്രയ്ക്കിടെ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ചൂണ്ടല്‍ ജങ്ഷനില്‍ സിഗ്നല്‍ ഓഫാണ്. സംസ്ഥാന പാതയിലോടുന്ന കെ എസ് ആര് ടി സി ബസിനെ ഗുരുവായൂരില്‍ നിന്ന് വെള്ള കാര്‍ ലക്കും ലഗാനുമില്ലാതെ വട്ടം വച്ചു. അതോടെ ബസ് ചവിട്ടി നിര്‍ത്തി.
കാര്‍ ഓടിച്ചിരുന്നയാള്‍ ചാടിയിറങ്ങി ആക്രോശിച്ചു, ' ആദ്യം ഞാന്‍, എന്നിട്ട് നീ പോയാല്‍ മതി' . കെ എസ് ആര് ടി സി വലത്തോട്ടൊന്ന് വളച്ച് എടത്തോട്ട് ഒന്ന് വളച്ച് ബ്ലോക്ക് ഒഴിവാക്കി പോന്നു. അതോടെ കാറുകാരന് ഓവര്‍ടേക്ക് ചെയ്ത് മുന്നില്‍ കയറി ബസിന് മുന്നില്‍ വട്ടം വച്ച് പാമ്പിഴയുന്ന പോലെ കാര്‍ ഓടിച്ചു. കുന്നംകുളം വണ്‍വേയില്‍ കാര്‍ ചവിട്ടി നിര്‍ത്തി, വണ്‍ മാന്‍ ഷോ കാണിച്ചു. റോഡ് ബ്ലോക്കായി. യാത്രക്കാര്‍ ഇളകിയതോടെ കാറെടുത്ത് മുന്നോട്ട് പോയി. അക്കിക്കാവ് കമ്പിപ്പാലം വരെ കെ എസ് ആര് ടി സിക്ക് പൈലറ്റ് വാഹനമായി ആ കാര്‍ ഉണ്ടായിരുന്നെന്ന് യാത്രക്കാര്‍ പറയുന്നു.
രാവിലെ 9.15ന് ബസ് മലപ്പുറം ഡിപ്പോയിലെത്തി. അപ്പോഴാണ് അറിയുന്നത് കാറുകാരനെ കെ.എസ്.ആര്.ടി.സി ഡ്രൈവറും കണ്ടക്ടറും കയ്യേറ്റം ചെയ്തെന്ന് അയാള്‍ തിരുവനന്തപുരം കണ്ട്രോള് റൂമില്‍ വിളിച്ച് പരാതി അറിയിച്ചെന്ന്. യാത്രക്കാര്‍ സത്യാവസ്ഥ അറിയിച്ചതോടെ അധികൃതര്‍ക്ക് കാര്യം മനസിലായി. സംഭവത്തെ തുടര്‍ന്ന് ബസിലെ ജീവനക്കാര്‍ പൊലീസിന് പരാതി നല്‍കുമെന്ന് മലപ്പുറം കെ.എസ്.ആര്.ടി.സി അധികൃതര്‍ മലയാളിവാര്‍ത്തയോട് പറഞ്ഞു.
https://www.facebook.com/Malayalivartha