ജെസ്ന മെസേജ് അയച്ച കാമുകന് രംഗത്ത്; ഞാന്‍ ജെസ്നയുടെ കാമുകനല്ല; മുന്‍പും അവള് മരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് സന്ദേശം അയച്ചിട്ടുണ്ട്; ഇതെന്നെ മാനസികമായി തകര്‍ക്കുകയാണെന്ന് യുവാവ്
പത്തനംതിട്ട സ്വദേശി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ജെസ്നയുടെ പുരുഷ സുഹൃത്ത് രംഗത്തുവന്നു. തനിക്ക് ജെസ്നയുടെ തിരോധാനവുമായി യാതൊരു ബന്ധവുമില്ലെന്നും പൊലീസ് തന്നെ നിരന്തരം ശല്യപ്പെടുത്തുകയാണെന്നും യുവാവ് പറഞ്ഞു. ജെസ്നയുടെ പേര് പറഞ്ഞ് നാട്ടുകാര്‍ ഒറ്റപ്പെടുത്തുകയാണെന്നും ഇയാള്‍ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
'ഞാന്‍ ജെസ്നയുടെ കാമുകനല്ല. അവള്‍ക്ക് പ്രണയമുണ്ടോ എന്ന് എനിക്കറിയില്ല. അവള് മുമ്പും മരിക്കാന്‍ പോവുകയാണ് എന്ന രീതിയില്‍ മെസ്സേജ് അയയ്ക്കാറുണ്ടായിരുന്നു. ഇത് ഞാന്‍ ജെസ്നയുടെ സഹോദരനോട് പറഞ്ഞതാണ്. ജെസ്നയെ കാണാതായതിനു ശേഷവും എനിക്ക് ഇത്തരത്തില്‍ മെസ്സേജ് അയച്ചകാര്യം ഞാന്‍ ആ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇക്കാര്യം തന്നെയാണ് പൊലീസിനോടും വെളിപ്പെടുത്തിയത്. എന്നാല്‍ അവര്‍ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണ്. ഇതെന്നെ മാനസികമായി തകര്‍ക്കുകയാണ് ചെയ്യുന്നത്.' യുവാവ് പറയുന്നു. ജെസ്ന അയച്ച സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളെ ഇരുപതോളം തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha