സ്കൂളിന്റെ പാചകപ്പുരയില്‍ നിന്ന് ഉഗ്രവിഷമുള്ള 60 അണലികളെ കണ്ടെത്തി!
മഹാരാഷ്ട്രയിലെ ഹിന്ഗോലി ജില്ലയിലെ സില്ല പരിഷാദ് സ്കൂളിലെ പാചകപ്പുരയില്‍ നിന്നു ഉഗ്രവിഷമുള്ള 60 അണലികളെ കണ്ടെത്തി. കുട്ടികള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിനായി വിറകുപുരയില്‍ നിന്ന് വിറകെടുത്തപ്പോള് ആദ്യം രണ്ടു പാമ്പുകളെയാണ് കണ്ടത്.
ഇതേത്തുടര്‍ന്ന് പാചകം ചെയ്യുന്ന സ്ത്രീ കൂടുതല്‍ വിറക് നീക്കിയപ്പോള്‍ 58 പാമ്പുകളെക്കൂടി കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പാചകാവശ്യങ്ങള്ക്കായുള്ള വിറക് ഇവിടെയെത്തിച്ചത്. ഇത്രയധികം പാമ്പുകളെ പാചകപ്പുരയില്‍ കണ്ടെത്തിയ വാര്‍ത്ത സ്കൂളില്‍ പരന്നതോടെ വിദ്യാര്‍ഥികളും അധ്യാപകരും ഭയചകിതരായി.
പ്രദേശവാസികള്‍ വടിയും കല്ലുമൊക്കെയായി സ്കൂളില്‍ ഓടിയെത്തി. എന്നാല്‍, സ്കൂള്‍ അധികൃതര്‍ പാമ്പിനെ കൊല്ലുന്നതില്‍ നിന്ന് ഗ്രാമവാസികളെ വിലക്കി. പാമ്പുപിടിത്തക്കാരനായ വിക്കി ദലാലിനെ വിളിച്ചുവരുത്തിയാണ് അവിടെനിന്ന് അവയെ നീക്കം ചെയ്തത്. പിടികൂടിയ പാമ്പുകളെ പിന്നീട് വനംവകുപ്പിനു കൈമാറി.
https://www.facebook.com/Malayalivartha