ഇന്ത്യയിലെ യുവജനങ്ങളില്‍ ദേശ സ്നേഹം വര്‍ദ്ധിപ്പിക്കാനായി സൈനിക പരിശീലനം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഇന്ത്യയിലെ യുവാക്കളില്‍ ദേശസ്നേഹം വര്‍ദ്ധിപ്പിക്കുക അവരെ അച്ചടക്കമുള്ളവരാക്കുക എന്നിവ ലക്ഷ്യം വെച്ച് യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്കാന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. പ്രതിവര്‍ഷം 10 ലക്ഷം യുവതീ യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ദേശീയ യുവജന ശാക്തീകരണ പദ്ധതി (എന്‍വൈ.ഇ.എസ്) എന്ന പേരിലാണ് പരിശീലന പരിപാടി ആവിഷ്കരിക്കുന്നത്.
യുവജനങ്ങളില്‍ ദേശീയതയും ആത്മാഭിമാനവും വളര്‍ത്തുക, ഇന്ത്യയെ വിശ്വഗുരുവാക്കി മാറ്റുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവ ഇന്ത്യ 2022 എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. സൈനിക പരിശീലനത്തിന് പുറമെ തൊഴില്‍ പരിശീലനം, കമ്പ്യൂട്ടര്‍ പരിശീലനം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലുള്ള പരിശീലനം എന്നിവയും നല്‍കും.
യോഗ, ആയുര്‍വേദം, ഇന്ത്യന്‍ തത്വചിന്ത എന്നിവയിലൂടെ ഇന്ത്യന്‍ മൂല്യങ്ങള്‍ യുവാക്കളെ അഭ്യസിപ്പിക്കുകയും ചെയ്യും.ഇന്ത്യയിലെ ഉയര്‍ന്ന ജനസംഖ്യ പ്രയോജനപ്പെടുത്തുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. 10, 12, കോളേജ് തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്റ്റൈപെന്‍ഡും നല്‍കും. ക്രമേണ പ്രതിരോധം അര്‍ദ്ധസൈനിക വിഭാഗങ്ങളിലേക്കും പോലീസിലേക്കുമുള്ള ജോലികള്‍ക്ക് സൈനികപരിശീലനം ഒരു നിര്‍ബന്ധ യോഗ്യതയാക്കും.
സൈനിക പരിശീലന പദ്ധതി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞയാഴ്ച ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നു. പ്രതിരോധ മന്ത്രാലയം, യുവജനകാര്യ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha