വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ പഠിക്കണമെന്ന് ജയലളിതയോട് സുപ്രീം കോടതി
സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കള്‍ക്കും വിമര്‍ശകര്‍ക്കും എതിരെ നിരന്തരമായി അപകീര്‍ത്തി കേസുകള്‍ എടുക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. നിങ്ങള്‍ ഒരു പൊതുപ്രവര്‍ത്തകയാണെന്നും അതിനാല്‍ വിമര്‍ശനങ്ങളെ നേരിടാന്‍ പഠിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാരിനെതിരായ വിമര്‍ശനം അപകീര്ത്തിയല്ലെന്നും പൊതുപ്രവര്‍ത്തകര്‍ വിമര്‍ശനത്തിന് അതീതരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡിഎംഡികെ നേതാവ് വിജയകാന്തിനെതിരെ നല്കിയ അപകീര്‍ത്തി കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.ജനാധിപത്യത്തെ ഞെരുക്കാന്‍ അപകീര്‍ത്തി കേസ് ഉപയോഗപ്പെടുത്തരുതെന്ന് കോടതി ജയലളിതയോട് ഉപദേശിച്ചു. ജയലളിതയേയും സര്‍ക്കാരിനേയും വിമര്‍ശിച്ചതിന് വിജയകാന്തിനെതിരെ 28 കേസുകളാണ് ഉള്ളത്. ജയലളിതയ്ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ള നേതാവാണ് വിജയകാന്ത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ തകര്‍ത്ത വെള്ളപ്പൊക്കം സര്‍ക്കാര്‍ നിര്‍മിതമാണെന്നും വിജയകാന്ത് ആരോപിച്ചിരുന്നു.
അപകീര്‍ത്തി കേസുകള്‍ക്കായി സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന ഏക സംസ്ഥാനം തമിഴ്നാടാണെന്ന് കോടതി കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ച് വര്ഷക്കാലയളിവില് 200 അപകീര്‍ത്തി കേസുകള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്ന് തമിഴ്നാട് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതില്‍ 55 എണ്ണം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും 85 എണ്ണം ഡിഎംകെ നേതാക്കള്‍ക്കും എതിരെയാണ് ഫയല്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha