ജീവപര്യന്തം ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ അച്ഛനെ കണ്ട് മകന് ഹൃദയംപൊട്ടി മരിച്ചു
ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അച്ഛനെ കണ്ട മകന് സന്തോഷം അടക്കാനാവാതെ ഹൃദയംപൊട്ടി മരിച്ചു. സാജിത് മക്വാന (24) എന്ന യുവാവാണ് ദാരുണമായി മരണപ്പെട്ടത്. 1996ല്‍ പിതാവ് ഹസന് ബോംബെ ഹൈക്കോടതി ജീവപര്യന്തം ശിക്ഷവിധിക്കുമ്പോള്‍ സാജിതിന് മൂന്നു വയസ്സു പ്രായമായിരുന്നു. ഹസന് ഇക്കാലമത്രയും പരോളിന് അപേക്ഷിക്കാതിരുന്നതോടെ പുറത്തിറങ്ങാന്‍ അവസരം ലഭിച്ചതുമില്ല. എന്നാല്‍, ജയിലിലെ ഫോണിലൂടെ അയാള്‍ കുടുംബാംഗങ്ങളോട് സംസാരിക്കാറുണ്ടായിരുന്നു.
ചൊവ്വാഴ്ച ഹസന് (65) ജയില്‍ മോചിതനായപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സാജിതും എത്തിയിരുന്നു. പിതാവിനെ കണ്ട് സംസാരിച്ച സന്തോഷം നിയന്ത്രിക്കാനാവാതെ സാജിത് കുഴഞ്ഞു വീണു. നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സാജിതിന്റെ ജീവന് രക്ഷിക്കാനായില്ല. 1977ല്‍ മുംബൈയില്വച്ചുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഹസന് ശിക്ഷ അനുഭവിക്കേണ്ടിവന്നത്.
1981ല്‍ ജാമ്യം ലഭിച്ചെങ്കിലും 1996ല്‍ വീണ്ടും ബോംബെ ഹൈക്കോടതി ജീവപര്യന്തത്തിനു വിധിക്കുകയായിരുന്നു. ഹസന്റെ ജയില്‍ മോചനത്തിനുശേഷം വിവാഹം കഴിക്കാനുള്ള പദ്ധതിയിലായിരുന്നു സാജിത്.
https://www.facebook.com/Malayalivartha