രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന സര്‍വീസ് നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു
ഉഡാന്‍ (ഉഡെ ദേശ് കാ ആം നാഗരിക്)പദ്ധതിയുടെ കീഴില്‍ നടത്തുന്ന ചെലവ് കുറഞ്ഞ വിമാന സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ഇതോടെ ഒരു മണിക്കൂര്‍ പറക്കുന്നതിന് 2500 രൂപ മാത്രമെ യാത്രക്കാരില്‍ നിന്ന് ഈടാക്കൂ. ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് ആദ്യ വിമാനം പറന്നത്. എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ അലയന്‍സ് എയറാണ് 42 സീറ്റുള്ള ഈ വിമാന സര്‍വീസുകള്‍ നടത്തുന്നത്. കഡപ്പ-ഹൈദരാബാദ്, നന്ദേദ്-ഹൈദരാബാദ് വിമാനസര്‍വീസുകളും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മോദി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ചെറുകിട നഗരങ്ങളെ കൂട്ടിയിണക്കി സാധാരണക്കാര്‍ക്കു താങ്ങാനാവുന്ന ചെലവില്‍ വിമാനയാത്ര യാഥാര്‍ത്ഥ്യമാക്കുന്നതാണ് ഉഡാന്‍ പദ്ധതി. ഉഡാനിന്റെ ഭാഗമായി ചെറു നഗരങ്ങള്‍ക്കിടയില്‍ ഒന്‍പതു മുതല്‍ 40 വരെ സീറ്റുകളുള്ള ചെറുവിമാനങ്ങളാണു സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യ ഉള്‍പ്പെടെ 11 വിമാനക്കമ്പനികളാണ് 43 ചെറു നഗരങ്ങളിലേക്കു സര്‍വീസ് നടത്താന്‍ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. 43 വിമാനത്താവളങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഒന്നുമില്ല. പകുതി സീറ്റുകള്‍ക്കു പരമാവധി 2,500 രൂപ വരെയേ ഈടാക്കാവൂ. അവശേഷിക്കുന്നവയ്ക്കു വിപണി നിരക്കു വാങ്ങാന്‍ കമ്പനികള്‍ക്ക് അവകാശമുണ്ട്.
https://www.facebook.com/Malayalivartha