സ്മാരകം വേണ്ട പകരം സ്മരണയ്ക്കായി മരം നട്ടാല്‍ മതി: വില്‍പത്രത്തില്‍ കേന്ദ്രമന്ത്രി അനില്‍ ദവെ

'എന്റെ സ്മരണകള്‍ നിലനിര്‍ത്താന്‍ ആഗ്രഹമുണ്ടെങ്കില്‍, സ്മാരകങ്ങള്‍ നിര്‍മിക്കാതെ മരം നട്ടുവളര്‍ത്തൂ' വില്‍പത്രത്തില്‍, അന്തരിച്ച കേന്ദ്രമന്ത്രി അനില്‍ ദവെ എഴുതിയ വാക്കുകളാണിത്. നര്‍മദ നദിയുടെ തീരത്തു തന്നെ തന്റെ ചിതയൊരുക്കണമെന്നും ദവെ വില്‍പത്രത്തില്‍ ആവശ്യപ്പെട്ടു.
നദികളുടെ സംരക്ഷണത്തിനായി പരമാവധി പദ്ധതികള്‍ വേണമെന്നു വില്‍പത്രത്തില്‍ നിര്‍ദേശിച്ച ദവെ, ഈ സംരംഭങ്ങള്‍ക്കു തന്റെ പേരു നല്‍കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2012 ല്‍ ആണ് അദ്ദേഹം ഇത്തരത്തില്‍ ഒരു വില്‍പത്രമെഴുതിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യാഴാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് പരിസ്ഥിതി-വനം വകുപ്പ് (സ്വതന്ത്ര ചുമതല) മന്ത്രി അനില്‍ ദവെ അന്തരിച്ചത്. നര്‍മദാ നദിയുടെ പോരാളിയായിരുന്നു അനില്‍ മാധവ് ദവെ. വ്യവസായശാലകളില്‍ നിന്നുള്ള രാസമാലിന്യം നര്‍മദയെ നാശത്തിലേക്ക് നയിച്ചപ്പോള്‍ അതിനെതിരെ ശക്തമായി സമര രംഗത്തിറങ്ങിയ നേതാവ്. നദിയെ രക്ഷിക്കുന്നതിനായി നര്‍മദ സമഗ്ര എന്ന കൂട്ടായ്മയ്ക്കു രൂപംനല്‍കിയത് ദവെയാണ്. അദ്ദേഹത്തിനൊപ്പം ഒട്ടേറെ സന്നദ്ധപ്രവര്‍ത്തകരും അണിചേര്‍ന്നു.
കഴിഞ്ഞവര്‍ഷം നര്‍മദയുടെ തീരത്തെ ഗ്രാമങ്ങളിലൂടെ കാല്‍നടയായി സഞ്ചരിച്ചാണ് അദ്ദേഹം നര്‍മദാ സംരക്ഷണത്തിന്റെ ആവശ്യകത പ്രചരിപ്പിച്ചത്. പ്രദേശത്തെ ആദിവാസി മേഖലകളില്‍ ആര്‍എസ്എസിന്റെ ഏകവിദ്യാലയ പദ്ധതിയുടെ മുഖ്യ പ്രചാരകനും ദവെയായിരുന്നു. ഗംഗയടക്കമുള്ള നദികളുടെ മലിനീകരണം തടയാന്‍ നിരീക്ഷണ സംവിധാനമൊരുക്കാന്‍ നദികളുടെ കണക്കെടുപ്പ് നടത്താനും ദവെ ഉത്തരവിട്ടിരുന്നു.
https://www.facebook.com/Malayalivartha