ഐഎഎസ്സുകാരന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; കേസ് സിബിഐ അന്വേഷിക്കും
യുവ ഐഎഎസ് ഓഫിസര്‍ അനുരാഗ് തിവാരിയെ ഉത്തര്‍പ്രദേശിലെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം സിബിഐ അന്വേഷിക്കും. മാതാപിതാക്കളുടെ ആവശ്യത്തെത്തുടര്‍ന്നു കേസ് ഉടന്‍ സിബിഐയ്ക്ക് കൈമാറുമെന്നു യുപി പൊലീസ് അറിയിച്ചു. മകന്റെ ജീവനു ഭീഷണിയുണ്ടായിരുന്നെന്നു ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരില്കണ്ടതിനു പിന്നാലെയാണ് കേസ് സിബിഐയ്ക്കു കൈമാറാനുള്ള തീരുമാനം.
യുപിയിലെ ഹസ്രത്ഗഞ്ച് മേഖലയില്‍ മെയ് പതിനേഴിനാണു ദുരൂഹ സാഹചര്യത്തില്‍ അനുരാഗ് തിവാരിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി അനുരാഗ് ഇവിടെ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. 2007 ബാച്ചിലെ കര്‍ണാടക കേഡറിലുള്ള ഉദ്യോഗസ്ഥനായ അനുരാഗ് (36), യുപി ബഹറിച്ച് സ്വദേശിയാണ്. മകനു സംഭവിച്ചതെന്താണെന്നു അന്വേഷിക്കണമെന്നു മാതാവ് സുശീല ദേവി പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു മുമ്പിലും അവര്‍ ഈയാവശ്യം ഉന്നയിച്ചു.
മകന് സത്യസന്ധനാണെന്നും അഴിമതിക്കാരായ ഓഫീസര്‍മാര്‍ക്കു ഇഷ്ടമല്ലായിരുന്നെന്നും പിതാവ് ബി.എന്‍. തിവാരി പറഞ്ഞു. ജ്യേഷ്ഠന്റെ മരണത്തിലെ സത്യമെന്തെന്നറിയാന്‍ സിബിഐ അന്വേഷണം വേണമെന്നു സഹോദരന് മായങ്ക് തിവാരി ആവശ്യപ്പെട്ടു.
രാത്രിയില്‍ സുഹൃത്തിനൊപ്പം അനുരാഗ് റസ്റ്റോറന്റിലേക്കു പോകുന്ന സിസിടിവി ദൃശ്യം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അത്താഴശേഷം രാത്രി പതിനൊന്നിനു അനുരാഗ് മുറിയിലെത്തി. രണ്ടുമണി വരെ മുറിയില്‍ സജീവമായിരുന്നു. പുലര്‍ച്ചെ നാലരയ്ക്കും ആറിനുമിടയിലാണ് സംഭവമുണ്ടായതെന്നാണു പൊലീസ് നിഗമനം. വഴിയാത്രക്കാരാണ് ഒരാള്‍ റോഡില്‍ വീണുകിടക്കുന്ന കാര്യം പൊലീസിനെ അറിയിച്ചത്.
മൃതദേഹത്തിലുണ്ടായിരുന്ന തിരിച്ചറിയില്‍ കാര്‍ഡില്‍നിന്നാണ് അനുരാഗ് തിവാരിയാണെന്ന് തിരിച്ചറിഞ്ഞത്. അനുരാഗിന്റെ കവിളില്‍ പരുക്കേറ്റതിന്റെ പാടുണ്ടെന്നു പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha