അടുത്ത അധ്യയന വര്‍ഷം മുതല്‍ സിബിഎസ്ഇയുടെ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരിയില്‍ ആരംഭിക്കും
അടുത്ത അധ്യയനവര്‍ഷം മുതല്‍ സി.ബി.എസ്.ഇ.യുടെ പത്ത്, പന്ത്രണ്ട് ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരിയില്‍ നടത്തും. പരീക്ഷകള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി ഫലം നേരത്തേ പ്രസിദ്ധീകരിക്കും. നിലവില്‍ മാര്‍ച്ചിലാണ് ബോര്‍ഡ് പരീക്ഷകള്‍ നടക്കുന്നത്. ഒന്നരമാസത്തോളം നീണ്ടുപോകാറുമുണ്ട്.
ഉത്തരക്കടലാസുകളുടെ പരിശോധന കുറ്റമറ്റ രീതിയിലാക്കാനാണ് പരീക്ഷകള്‍ നേരത്തെയാക്കുന്നത്. ചിലരുടെ ഉത്തരക്കടലാസില്‍ ആദ്യ പരിശോധനയിലും പിന്നീട് അപേക്ഷ നല്കി നടത്തിയ പുനഃപരിശോധനയിലും മാര്‍ക്കില്‍ വലിയ അന്തരം ഉണ്ടാകുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഉത്തരക്കടലാസ് പരിശോധനയുമായി ബന്ധപ്പെട്ട് രണ്ടു സമിതികള്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞദിവസം സി.ബി.എസ്.ഇ. തീരുമാനിച്ചിരുന്നു. നിലവിലെ പരിശോധനാരീതി അപഗ്രഥിച്ച് വേണ്ടമാറ്റങ്ങള്‍ നിര്ദേശിക്കാനാണിത്. പുനഃപരിശോധനയുമായി ബന്ധപ്പെട്ട നിലവിലെ രീതിയും സമിതി പഠിക്കും.
ഫെബ്രുവരി 15ഓടെ പരീക്ഷകള്‍ തുടങ്ങാനായാല്‍ ഉത്തരക്കടലാസ് പരിശോധനയ്ക്ക് ഗുണനിലവാരമുള്ള അധ്യാപകരെ ലഭിക്കുമെന്നും ഫലം നേരത്തേ പ്രസിദ്ധീകരിക്കാനാവുമെന്നും സി.ബി.എസ്.ഇ. വൃത്തങ്ങള്‍ പറഞ്ഞു.
മാര്‍ച്ചില്‍ വേനലവധി തുടങ്ങുന്നതിനാല്‍ കൂടുതല്‍ അധ്യാപകര്‍ അവധിയില്‍ പ്രവേശിക്കും. ഉത്തരക്കടലാസ് പരിശോധനയ്ക്ക് താത്കാലിക അധ്യാപകരെയും കരാര്‍ അധ്യാപകരെയും കൂടി ആശ്രയിക്കേണ്ട സാഹചര്യമാണ് അതുകാരണം ഉണ്ടാകുന്നത്.
https://www.facebook.com/Malayalivartha