പത്മവിഭൂഷണ്‍ ജേതാവും ശാസ്ത്ര പണ്ഡിതനുമായ പ്രഫ. യശ്പാല്‍ അന്തരിച്ചു
ശാസ്ത്രത്തെ സാധാരണക്കാരിലേക്ക് അടുപ്പിക്കുന്നതില്‍ പ്രധാനപങ്കു വഹിച്ച പ്രമുഖ പണ്ഡിതനും വൈജ്ഞാനികനും രചയിതാവുമായ പ്രഫ. യശ്പാല്‍ (90) നോയിഡയിലെ വസതിയില്‍ നിര്യാതനായി. സംസ്കാരം ഉച്ചകഴിഞ്ഞു മൂന്നിന്. അര്‍ബുദം ബാധിച്ചിരുന്നെങ്കിലും അദ്ദേഹം അതില്‍നിന്നു മോചിതനായിരുന്നു. 2013ല്‍ പത്മവിഭൂഷണും 1976ല്‍ പത്മഭൂഷണും നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.
കോസ്മിക് വികിരണങ്ങള്‍, ഹൈ എനര്‍ജി ഫിസിക്സ്, ആസ്ട്രോഫിസിക്സ് തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പഠന വിഷയങ്ങള്‍.
2007 മുതല്‍ 2012 വരെ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ (ജെഎന്‍യു) വൈസ് ചാന്‍സലറായിരുന്നു. ഇന്ത്യന്‍ ഫിസിക്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ നിരവധി സ്ഥാനമാനങ്ങളും അദ്ദേഹത്തെത്തേടിയെത്തിയിട്ടുണ്ട്. 1958ല്‍ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍നിന്നു പിഎച്ച്ഡി കരസ്ഥമാക്കിയ യശ്പാല്‍, ഹൈ എനര്‍ജി ഫിസിക്സ്, ആസ്ട്രോ ഫിസിക്സ്, കമ്യൂണിക്കേഷന്‍, സയന്‍സ് പോളിസി, സ്പേസ് ടെക്നോളജി തുടങ്ങിയ മേഖലകളിലാണു വ്യക്തിമുദ്ര പതിപ്പിച്ചത്.
മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ പ്രഫസറായിരുന്നു. 1973 - 81 വരെ അഹമ്മദാബാദ് സ്പേസ് ആപ്ലിക്കേഷന്‍ സെന്ററില്‍ ഡയറക്ടറും 1983 മുതല്‍ 1984 വരെ ആസൂത്രണ കമ്മിഷന്റെ ചീഫ് കണ്സള്റ്റന്റുമായിരുന്നു. 1984-86ല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സെക്രട്ടറിയും 1986-91ല്‍ യുജിസി ചെയര്‍മാനുമായിരുന്നു.
https://www.facebook.com/Malayalivartha